ഇസ്രയേലില്‍ ഇന്ത്യന്‍ കെയര്‍ഗിവര്‍ കുത്തേറ്റ് കൊല്ലപ്പെട്ടു; തൊഴിലുടമയുടെ കൊച്ചുമകനെതിരെ കൊലക്കുറ്റം

By: 600002 On: Aug 21, 2026, 4:36 PM




പ്രസാദ് തീയാടിക്കല്‍

ജറുസലേം: ഇസ്രയേലില്‍ വൃദ്ധദമ്പതികളുടെ കെയര്‍ഗിവറായി ജോലി ചെയ്തിരുന്ന ഇന്ത്യന്‍ പൗരന്‍ രാജീവ് ആചാര്യ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ തൊഴിലുടമകളുടെ പേരമകനായ ഏവിയോര്‍ സാക്കെനെതിരെ (Avior Zaken) ഇസ്രയേല്‍ അധികൃതര്‍ കൊലക്കുറ്റം ചുമത്തി. പ്രതി നിലവില്‍ കസ്റ്റഡിയിലാണെന്നും കേസ് ഇസ്രയേല്‍ കോടതിയുടെ പരിഗണനയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2026 ജൂലൈ 23-ന് ജറുസലേമിലെ വസതിയിലായിരുന്നു സംഭവം. ജോലി ചെയ്തിരുന്ന വീട്ടിലെ സ്വന്തം മുറിയില്‍ വിശ്രമിക്കുകയായിരുന്ന രാജീവ് ആചാര്യയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ രേഖകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായ മുറിവുകളും അമിത രക്തസ്രാവവും മൂലം രാജീവ് മരണപ്പെടുകയായിരുന്നു.

കൊലപാതകത്തിനു ശേഷം സംഭവം മറച്ചുവയ്ക്കാന്‍ പ്രതി ശ്രമിച്ചതായും ആക്രമണത്തിന് ഉപയോഗിച്ച ആയുധവും മറ്റു തെളിവുകളുമായി ഇയാള്‍ സംഭവസ്ഥലത്തുനിന്ന് പോയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. പ്രതിക്കെതിരെ ഇസ്രയേല്‍ നിയമപ്രകാരം മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകക്കുറ്റം ചുമത്തിയതായാണ് റിപ്പോര്‍ട്ട്.

തെല്‍ അവീവിലെ ഇന്ത്യന്‍ എംബസി സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇസ്രയേല്‍ അധികൃതരുമായി ബന്ധപ്പെട്ട് കേസിന്റെ പുരോഗതി നിരീക്ഷിക്കുന്നതായും രാജീവിന്റെ കുടുംബത്തെ വിവരങ്ങള്‍ അറിയിക്കുന്നതായും എംബസി വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഇസ്രയേലിലെ ഇന്ത്യന്‍ കെയര്‍ഗിവര്‍മാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ശക്തമായിട്ടുണ്ട്. ഓഗസ്റ്റ് 18-ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രവര്‍ത്തകരുടെ പേരില്‍ പുറത്തിറക്കിയ അഭ്യര്‍ഥനയില്‍, കേസില്‍ ശക്തമായ നിയമനടപടി ഉറപ്പാക്കണമെന്നും രാജീവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും അര്‍ഹമായ നഷ്ടപരിഹാരവും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. വിദേശ കെയര്‍ഗിവര്‍മാരുടെ സുരക്ഷയ്ക്കായി കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ഥനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കുടുംബത്തിന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ജോലി തേടിയെത്തിയ രാജീവ് ആചാര്യയുടെ മരണം ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ ദുഃഖവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.