തീവ്രമായ തണുപ്പും മഞ്ഞുവീഴ്ചയും; വരാനിരിക്കുന്നത് കഠിനമായ  ശൈത്യകാലമെന്ന് 'ഫാർമേഴ്‌സ് അൽമനാക്' റിപ്പോർട്ട്

By: 600110 On: Aug 21, 2026, 12:49 PM

വരാനിരിക്കുന്ന ശൈത്യകാലത്ത് കാനഡയിലുടനീളം കടുത്ത തണുപ്പും ശക്തമായ മഞ്ഞുവീഴ്ചയും പെട്ടെന്നുള്ള താപനില വ്യതിയാനങ്ങളും അനുഭവപ്പെടുമെന്ന് പ്രമുഖ കാലാവസ്ഥാ പ്രവചന പ്രസിദ്ധീകരണമായ 'ഫാർമേഴ്‌സ് അൽമനാക്'  റിപ്പോർട്ട് ചെയ്യുന്നു. രാജ്യമൊട്ടാകെ ഒരേ രീതിയിലുള്ള തണുപ്പിന് പകരം, ആർട്ടിക് കാറ്റും പെട്ടെന്ന് മാറുന്ന കാലാവസ്ഥയും നിറഞ്ഞ അസ്ഥിരമായ മാസങ്ങളാണ് വരാനിരിക്കുന്നത്. ഒൻ്റാരിയോ ഉൾപ്പെടെയുള്ള പ്രധാന പ്രവിശ്യകളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് പുറമേ, ആലിപ്പഴ വീഴ്ചയും  ഫ്രീസിംഗ് മഴയ്ക്കും  സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഗ്രേറ്റർ ലേക്ക് മേഖലയിലും പ്രേരി പ്രവിശ്യകളിലുമാണ് കാലാവസ്ഥാ വ്യതിയാനങ്ങൾ ഏറ്റവും കൂടുതൽ പ്രകടമാകുക. വടക്കൻ മേഖലകളിൽ നിന്നും ആർട്ടിക് അന്തരീക്ഷത്തിൽ നിന്നും വീശിയടിക്കുന്ന ശക്തമായ തണുത്ത കാറ്റ് പലപ്പോഴും പെട്ടെന്നുള്ള താപനില മാറ്റങ്ങൾക്ക്  കാരണമാകാറുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ താപനിലയിൽ വൻതോതിലുള്ള മാറ്റങ്ങൾ ഉണ്ടാകാമെന്നും, ഇതിനെത്തുടർന്ന് കനത്ത മഞ്ഞു വീഴ്ചയും മഞ്ഞുകാറ്റും ആവർത്തിക്കാൻ ഇടയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റോഡ് ഗതാഗതത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന രീതിയിലാകും ഈ മാറ്റങ്ങൾ രൂപപ്പെടുക.

പരമ്പരാഗതമായി ആസ്ട്രോണമി, ഗ്രഹങ്ങളുടെ സ്ഥാനം, മറ്റ് സ്വാഭാവിക ഘടകങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഫാർമേഴ്‌സ് അൽമനാക് തങ്ങളുടെ ദീർഘകാല കാലാവസ്ഥാ പ്രവചനങ്ങൾ തയ്യാറാക്കുന്നത്. ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവചനങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തരം രീതികളെ ഒരു വിഭാഗം ജനങ്ങൾ പ്രതീക്ഷയോടെ കാണാറുണ്ട്. അതിനാൽ തന്നെ, തണുപ്പുകാലത്തെ വരവേൽക്കാൻ ഫ്ലാനൽ വസ്ത്രങ്ങളും മഞ്ഞു മാറ്റാനുള്ള ഉപകരണങ്ങളും മുൻകൂട്ടി തയ്യാറാക്കിവെക്കണമെന്നാണ് റിപ്പോർട്ട് കാനഡയിലെ ജനങ്ങൾക്ക് നൽകുന്ന നിർദ്ദേശം.