ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സോഷ്യൽ മീഡിയ പ്രാങ്ക്; കാനഡയിൽ യൂട്യൂബറുടെ വീഡിയോയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

By: 600110 On: Aug 21, 2026, 12:46 PM

 

പ്രമുഖ കോഫി ഷോപ്പ് ശൃംഖലയായ 'ടിം ഹോർട്ടൺസി'ൻ്റെ  ഔട്ട്‌ലെറ്റിൽ ജീവനക്കാരൻ ഷൂ ധരിക്കാതെ ഇരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ, കൂടുതൽ ഗുരുതരമായ ആരോപണവുമായി ഇൻഡോ-കനേഡിയൻ യൂട്യൂബർ രംഗത്തെത്തിയത് കാനഡയിൽ വൻ വിവാദത്തിന് തിരികൊളുത്തി. രാജ്യത്തേക്ക് പഞ്ചസാര വിതരണം ചെയ്യുന്ന പ്രമുഖ സംസ്കരണ ശാലയിൽ താൻ ജോലി ചെയ്യുന്നുണ്ടെന്നും, അവിടെ സൂക്ഷിച്ചിരിക്കുന്ന  പഞ്ചസാര ശേഖരത്തിലൂടെ ദിവസവും വെറുംകാലിൽ നടക്കാറുണ്ടെന്നുമായിരുന്നു പ്രഭ്ദീപ് സിംഗ് എന്ന യൂട്യൂബറുടെ അവകാശവാദം.പൂർണ്ണമായും നഗ്നപാദനായി പഞ്ചസാരയിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോയും ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇത്തരം  പ്രചാരണങ്ങൾ നടത്തുന്നത് വലിയ ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസിയെയും  ബന്ധപ്പെട്ട ഭരണകൂടത്തെയും ടാഗ് ചെയ്തുകൊണ്ട്, വിഷയത്തിൽ അടിയന്തിര അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് നിരവധി ഉപഭോക്താക്കൾ രംഗത്തെത്തി. രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖലയുടെ സുരക്ഷിതത്വത്തെയും ശുചിത്വ നിലവാരത്തെയും സംശയമുനയിലാക്കുന്നതാണ് ഇത്തരം ദൃശ്യങ്ങളെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, കാഴ്ചക്കാരുടെ ശ്രദ്ധ നേടാനും ലൈക്കുകൾ വർദ്ധിപ്പിക്കാനുമായി ബോധപൂർവ്വം ചിത്രീകരിച്ച 'റേജ് ബൈറ്റിംഗ്'  വീഡിയോയാണിതെന്നാണ് പ്രാഥമിക നിഗമനം. വീഡിയോയുടെ വിശ്വസനീയതയെക്കുറിച്ചോ ഇയാൾക്കെതിരെയുള്ള നിയമനടപടികളെക്കുറിച്ചോ ബന്ധപ്പെട്ട അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നിരുന്നാലും, പൊതുജനാരോഗ്യത്തെയും ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളെയും കേവലം തമാശ രൂപേണ ചിത്രീകരിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.