ഫോൺ ലോക്കിംഗിന് വീണ്ടും അനുമതി നൽകി സിആർടിസി

By: 600110 On: Aug 21, 2026, 12:32 PM

സെൽഫോണുകൾ ലോക്ക് ചെയ്ത് വിൽക്കാൻ ടെലികോം കമ്പനികൾക്ക് കാനഡയിലെ റേഡിയോ ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (CRTC) താൽക്കാലിക അനുമതി നൽകി. ബെൽ, ടെലസ് തുടങ്ങിയ പ്രമുഖ കമ്പനികളെ സംബന്ധിച്ച് ഈ തീരുമാനം ഏറെ ഗുണകരമാകും.

എന്നാൽ പുതിയ ഉപഭോക്തൃ നിയമമനുസരിച്ച്, ഉപഭോക്താവ് ആവശ്യപ്പെടുകയാണെങ്കിൽ ഒരുവിധ അധികച്ചെലവും ഇല്ലാതെ ഉടൻതന്നെ ഫോൺ അൺലോക്ക് ചെയ്ത് നൽകണം. അല്ലെങ്കിൽ രണ്ട് പ്രവൃത്തിദിവസത്തിനുള്ളിൽ ഫോണുകൾ സ്വയം അൺലോക്ക് ആകുന്ന സംവിധാനം ക്രമീകരിക്കേണ്ടതുണ്ട്. അൺലോക്ക് ചെയ്ത ഫോണുകൾ എളുപ്പത്തിൽ മോഷ്ടിക്കപ്പെടാനും മറിച്ചുവിൽക്കപ്പെടാനും സാധ്യത കൂടുതലാണെന്ന് കാണിച്ച് കമ്പനികൾ നൽകിയ പരാതിയെത്തുടർന്നാണ് CRTC-യുടെ പുതിയ തീരുമാനം.

മൊബൈൽ സേവന ദാതാക്കളെ മാറ്റുന്നത് എളുപ്പമാക്കുന്നതിനായി 2017-ലാണ് കാനഡയിൽ ഫോണുകൾ ലോക്ക് ചെയ്യുന്നത് നിരോധിച്ചത്. സുരക്ഷയ്ക്കൊപ്പം ഉപഭോക്താക്കളുടെ സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ് അൺലോക്കിംഗ് സൗജന്യവും എളുപ്പവുമാക്കി നിലനിർത്തുന്നത്. പുതിയ തീരുമാനം താൽക്കാലികമാണെന്നും, വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ നിലവിലെ നിബന്ധനകൾ തുടരുമെന്നും CRTC വ്യക്തമാക്കി.