ആൽബർട്ടയിൽ ഹെൽത്ത് കാർഡുകൾക്ക് കാലാവധി നിശ്ചയിച്ചു; പുതുക്കാൻ റജിസ്ട്രി ഓഫീസുകളിൽ വൻ തിരക്ക്

By: 600110 On: Aug 21, 2026, 10:43 AM

 

 

കാനഡയിലെ ആൽബർട്ടയിൽ പ്രവിശ്യാ ഹെൽത്ത് കാർഡുകൾക്ക്  ജൂലൈ മുതൽ കാലാവധി നിശ്ചയിച്ചു. തിരിച്ചറിയൽ രേഖകൾ പരിഷ്കരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ മാറ്റം. ഡ്രൈവിംഗ് ലൈസൻസ് പോലെ ഇനി ഹെൽത്ത് കാർഡുകളും നിശ്ചിത സമയത്തിനുള്ളിൽ പുതുക്കേണ്ടിവരും.

എന്നാൽ, കാർഡ് പുതുക്കാനായി ആളുകൾ കൂട്ടത്തോടെ എത്തിയതോടെ പ്രവിശ്യയിലെ റജിസ്ട്രി ഓഫീസുകളിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് അത്യാവശ്യ ചികിത്സ ലഭിക്കുന്നതിന് തടസ്സമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

ഹെൽത്ത് കാർഡുകൾക്ക് പരമാവധി അഞ്ച് വർഷം വരെയായിരിക്കും കാലാവധി. ഇത് പുതുക്കാനുള്ള അറിയിപ്പ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ തപാലിൽ ലഭിക്കും.കാർഡിൻ്റെ കാലാവധി കഴിഞ്ഞാലും ഒരു വർഷത്തിനുള്ളിൽ അത് പുതുക്കാൻ സാധിക്കും. ഈ കാലയളവിൽ ചികിത്സയ്ക്കായി ചെലവാകുന്ന തുക പിന്നീട് തിരികെ അപേക്ഷിച്ച് വാങ്ങാമെന്നും  സർക്കാർ അറിയിച്ചു.

കാർഡ് പുതുക്കാനെത്തുന്ന മുതിർന്ന പൗരന്മാരും രോഗികളും മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സസ്കാച്ചെവൻ, ഒൻ്റാരിയോ, ക്യുബെക് തുടങ്ങിയ മറ്റ് കനേഡിയൻ പ്രവിശ്യകളിൽ നിലവിൽ കാലാവധിയുള്ള ഹെൽത്ത് കാർഡുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ, ഈ പരിഷ്കാരം സാധാരണക്കാരെ ബുദ്ധിമുട്ടിക്കുമെന്നാണ് പ്രതിപക്ഷത്തിൻ്റെയും വിവിധ സംഘടനകളുടെയും ആരോപണം. അതേസമയം, ഹെൽത്ത് കെയർ സംവിധാനം കൂടുതൽ നവീകരിക്കാനാണ് ഈ നടപടിയെന്നാണ് സർക്കാർ വിശദീകരണം.