ബിസി റിച്ച്മണ്ടിൽ കാറ്റലിറ്റിക് കൺവെർട്ടർ മോഷണങ്ങൾ വർദ്ധിക്കുന്നു

By: 600007 On: Nov 1, 2021, 7:27 PM

വാഹനങ്ങളുടെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങളിൽ നിന്നുള്ള കാറ്റലിറ്റിക് കൺവെർട്ടറുകളുടെ മോഷണങ്ങൾ ദേശീയതലത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ബിസി റിച്ച്മണ്ടിൽ കാറ്റലിറ്റിക് കൺവെർട്ടർ മോഷണങ്ങൾ വർദ്ധിക്കുന്നതായി റിച്ച്മണ്ട് ആർസിഎംപി അറിയിച്ചു. ഈ വർഷം 200-ലധികം കാറ്റലറ്റിക് കൺവെർട്ടർ മോഷണങ്ങൾ ആണ് പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചെറിയ കാറുകൾ മുതൽ പിക്ക്-അപ്പ് ട്രക്കുകൾ, കാർഗോ വാനുകൾ, വലിയ ട്രക്കുകൾ, ബസുകൾ എന്നിങ്ങനെ എല്ലാ വാഹനങ്ങളുടെയും മോഡലുകളുടെയും കാറ്റലറ്റിക് കൺവെർട്ടർ മോഷണങ്ങൾ നഗരത്തിലുടനീളം റിപ്പോർട്ട് ചെയ്തിട്ടുള്ളതായി പോലീസ്  ന്യൂസ് റിലീസിൽ അറിയിച്ചു. 

1978 മുതൽ നിർമ്മിച്ച എല്ലാ വാഹനങ്ങളിലും ആധുനിക പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ച് മലിനീകരണം കുറയ്ക്കുവാനായി എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങളിൽ സ്ഥാപിക്കുന്നതാണ് കാറ്റലിറ്റിക് കൺവെർട്ടറുകൾ.  പ്ലാറ്റിനം, പല്ലാഡിയം, റോഡിയം തുടങ്ങിയ വിലയേറിയ ലോഹങ്ങളും കാറ്റലിറ്റിക് കൺവെർട്ടറിനകത്തുണ്ട്. ഈ ലോഹങ്ങളുടെ കുതിച്ചുയർന്ന വിലയായിരിക്കാം മോഷണത്തിനു പിന്നിലെ ഉദ്ദേശം എന്നാണ് വിലയിരുത്തപ്പെടുന്നത്.

കാറ്റലിറ്റിക് കൺവെർട്ടർ നീക്കംചെയ്യാൻ, മോഷ്ടാക്കൾ വാഹനത്തിനടിയിൽ കേറി എക്സോസ്റ്റ് പൈപ്പ് കട്ട് ചെയ്താണ് കാറ്റലിറ്റിക് കൺവെർട്ടർ മോഷ്ടിക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദീർ ഘനേരം പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെ ആണ് മോഷ്ടാക്കൾ ലക്ഷ്യമിടുന്നത്. ബാഹ്യമായി മോഷണത്തിന്റെ ലക്ഷണങ്ങളൊന്നും കാണപ്പെടാത്തതിനാൽ, വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ വലിയൊരു ശബ്ദം കേൾക്കുമ്പോൾ  മാത്രമേ ഡ്രൈവർമാർ ഇതിനെ പറ്റി ശ്രദ്ധിക്കുകയുള്ളു. കൺവർട്ടറിനെ ആശ്രയിച്ച്, റിപ്പയർ ചെലവ് $ 500 മുതൽ $ 2,000 വരെയാകാം.

മോഷണ സാധ്യത കുറയ്ക്കുവാൻ, ഗേറ്റുള്ള സ്ഥലങ്ങളിൽ വീഡിയോ നിരീക്ഷണത്തോടെ പാർക്ക് ചെയ്യുക, സ്ട്രീറ്റിലോ ഫെൻസിങ് ഇല്ലാത്ത സ്ഥലങ്ങളിലോ പാർക്ക് ചെയ്യുമ്പോൾ, കാൽനടയാത്രക്കാരും വാഹന ഗതാഗതവും ഉള്ള നല്ല വെളിച്ചമുള്ള പ്രദേശങ്ങൾ തിരഞ്ഞെടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുവാൻ പോലീസ് നിർദ്ദേശിക്കുന്നു.