ഗുരുദ്വാരയ്ക്ക് നേരെയുള്ള ഭീഷണി: ശക്തമായി അപലപിച്ച് കാൽഗറി മേയർ ജെറമി ഫാർകസ്

By: 600110 On: Aug 21, 2026, 10:40 AM

 

കാനഡയിലെ കാൽഗറിയിലുള്ള പ്രമുഖ സിഖ് ആരാധനാലയമായ 'ദശമേഷ് കൾച്ചറൽ സെൻ്ററിന്' നേരെ ഉയർന്ന ഭീഷണിയെ ശക്തമായി അപലപിച്ച് മേയർ ജെറോമി ഫാർകസ്. കേന്ദ്രം തകർത്തുകളയുമെന്ന് ഫോൺ സന്ദേശത്തിലൂടെ ഭീഷണി ഉയർന്ന സംഭവം വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

വാഹനം മാറ്റാൻ ആവശ്യപ്പെട്ടാണ് ഫോൺ കോൾ ആരംഭിച്ചതെന്നും, എന്നാൽ നിമിഷങ്ങൾക്കകം അത് സ്ഥാപനം ഇടിച്ചുനിരത്തുമെന്ന ഭീഷണിയിലേക്ക് മാറുകയായിരുന്നുവെന്നും ദശമേഷ് കൾച്ചറൽ സെൻ്റർ പ്രസിഡൻ്റ് ഹർപാൽ സിംഗ് വ്യക്തമാക്കി. സംഭവത്തിൽ സിഖ് സമൂഹം വലിയ ഭീതിയിലാണ്.

സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് മേയർ ഫാർകസ് പ്രതികരിച്ചത്. വംശീയ അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും കാൽഗറിയിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ദശമേഷ് കൾച്ചറൽ സെൻ്ററിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

സിഖ് ഗുരുദ്വാരകൾ സ്നേഹത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും കേന്ദ്രങ്ങളാണെന്നും, അവിടെ എത്തുന്ന എല്ലാവർക്കും ഭക്ഷണവും അഭയവും നൽകുന്ന പാരമ്പര്യമാണുള്ളതെന്നും മേയർ ഓർമ്മിപ്പിച്ചു. സിഖ് ജനവിഭാഗം കാൽഗറിയുടെ അവിഭാജ്യ ഘടകമാണെന്നും, ഭയമില്ലാതെ ജീവിക്കാനും ആരാധന നടത്താനുമുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പതിനയ്യായിരത്തിലധികം ആളുകൾ അംഗങ്ങളായുള്ള വലിയൊരു സാംസ്കാരിക-ആരാധനാ കേന്ദ്രമാണ് ദശമേഷ് കൾച്ചറൽ സെൻ്റർ. ഇത്തരം ഭീഷണികൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു
....................