നിയമവിരുദ്ധമായുള്ള മാലിന്യം തള്ളൽ രൂക്ഷം: ദുരിതത്തിലായി സാഡിൽ റിഡ്ജ് നിവാസികൾ

By: 600110 On: Aug 21, 2026, 10:36 AM

 

 


കാനഡയിലെ കാൽഗറിയിലുള്ള സാഡിൽ റിഡ്ജിൽ പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി മാലിന്യം തള്ളുന്നത് പതിവാകുന്നു. പഴയ കട്ടിലുകളും മെത്തകളും മറ്റ് വീട്ടുസാധനങ്ങളുമെല്ലാം തെരുവുകളിലും നടപ്പാതകളിലും തള്ളിപ്പോകുന്നത് ദിവസേനയുള്ള കാഴ്ചയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

രാത്രിയുടെ മറവിലും ആളനക്കമില്ലാത്ത സമയങ്ങളിലുമാണ് പ്രധാനമായും ഇത്തരം പ്രവർത്തികൾ നടക്കുന്നത്. തെരുവോരങ്ങളിൽ ചീഞ്ഞളിയുന്ന മാലിന്യങ്ങൾ തെരുവുനായ്ക്കളുടെയും കീടങ്ങളുടെയും ശല്യം വർദ്ധിപ്പിക്കുന്നതിനൊപ്പം കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായ ആരോഗ്യ-സുരക്ഷാ ഭീഷണിയും ഉയർത്തുന്നുണ്ട്. പ്രദേശത്തുനിന്ന് ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കാൽഗറി സിറ്റി അധികൃതർ വ്യക്തമാക്കി.

നഗരസഭയുടെ ലാൻഡ്ഫില്ലുകളിൽ നിശ്ചിത നിരക്കിൽ നിയമപരമായി മാലിന്യം തള്ളാൻ സൗകര്യമുണ്ട്. 550 പൗണ്ടിൽ താഴെയുള്ള മാലിന്യങ്ങൾക്ക് 25 കനേഡിയൻ ഡോളർ മാത്രമാണ് ഫീസ്. നിയമം ലംഘിച്ച് മാലിന്യം തള്ളുന്നവർക്ക് 10,000 ഡോളർ വരെ പിഴ ചുമത്തും. കൂടാതെ ഉപേക്ഷിച്ച മാലിന്യം കുറ്റക്കാരുടെ സ്വന്തം ചെലവിൽ നീക്കം ചെയ്യാനും ഉത്തരവിടും.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 311 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ അറിയിക്കാൻ നഗരസഭ നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.