ഒൻ്റാരിയോയിൽ സോണോഗ്രാഫർമാരുടെ ക്ഷാമം രൂക്ഷം: അൾട്രാസൌണ്ട് സ്കാനിങ്ങിനായി വലഞ്ഞ് ഗർഭിണികൾ

By: 600110 On: Aug 21, 2026, 10:33 AM

  

സോണോഗ്രാഫർമാരുടെ ക്ഷാമം രൂക്ഷം: അൾട്രാസൗണ്ട് സ്കാനിങ്ങിനായിനെട്ടോട്ടമോടി ഒൻ്റാരിയോയിലെ ഗർഭിണികൾ

കാനഡയിലെ ഒൻ്റാരിയോയിൽ അൾട്രാസൗണ്ട് വിദഗ്ധരുടെ രൂക്ഷമായ ക്ഷാമം കാരണം ഗർഭിണിയായ സ്ത്രീകൾ കടുത്ത ദുരിതത്തിൽ. കൃത്യസമയത്ത് ചെയ്യേണ്ട പതിവ് അൾട്രാസൗണ്ട് പരിശോധനകൾക്കായി മണിക്കൂറുകളോളം യാത്ര ചെയ്ത് മറ്റ് നഗരങ്ങളിലെ ക്ലിനിക്കുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പലരും.

ലണ്ടൻ സ്വദേശിയായ സിൽവിയ ലോപ്പസ് എന്ന ഗർഭിണിക്ക് സ്വന്തം നഗരത്തിൽ അപ്പോയിൻമെൻ്റ് ലഭിക്കാത്തതിനെ തുടർന്ന് ഒന്നര മണിക്കൂർ അകലെയുള്ള മിൽട്ടണിലെ ക്ലിനിക്കിലാണ് അവസരം ലഭിച്ചത്. പണച്ചെലവിനും യാത്രാബുദ്ധിമുട്ടുകൾക്കും പുറമെ കനത്ത മഴയും റോഡിലെ ഗതാഗതക്കുരുക്കും വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നതായി സിൽവിയ വ്യക്തമാക്കി.

ഒൻ്റാരിയോയിലെ സോണോഗ്രാഫർ തസ്തികകളിൽ 20 ശതമാനത്തോളം ഒഴിവുകളുണ്ടെന്ന് 'സോണോഗ്രാഫി കാനഡ' ചൂണ്ടിക്കാണിക്കുന്നു. നിലവിൽ അൾട്രാസൗണ്ട് സ്കാനിങ്ങിനായി ശരാശരി നാല് ആഴ്ചയോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്.
ഡോക്ടറുടെ റഫറൻസ് ലെറ്റർ ലഭിച്ചാലും ഓരോ ക്ലിനിക്കുകളിലും വിളിച്ച് അപ്പോയിൻമെൻ്റ് ഉറപ്പാക്കേണ്ട ചുമതല ഗർഭിണികൾക്ക് തന്നെയാണ്.

ഗർഭാവസ്ഥയുടെ നിർണായക ഘട്ടങ്ങളിൽ നടത്തേണ്ട സ്കാനുകൾ വൈകുന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെക്കുന്നത്. പ്രതിസന്ധി പരിഹരിക്കാൻ വിദേശത്തുനിന്നും മറ്റ് കാനഡ പ്രവിശ്യകളിൽനിന്നും കൂടുതൽ ആരോഗ്യപ്രവർത്തകരെ എത്തിക്കാനും, പുതിയ പരിശീലന കോഴ്സുകൾ ആരംഭിക്കാനും ഒന്റാറിയോ സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണ്.