നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ മുൻകൂറായി പണം വാങ്ങി വഞ്ചിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കരാറുകാരനായി തെരച്ചിൽ ഊർജ്ജിതമാക്കി. 35-കാരനായ മിച്ചൽ ലാൻഡ്രിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഉപഭോക്താക്കളെ കണ്ടെത്തി കരാറുകൾ ഉറപ്പിക്കുകയും, പിന്നീട് പണം വാങ്ങിയ ശേഷം നിർമ്മാണം നടത്താതെ വഞ്ചിക്കുകയും ചെയ്ത കേസിലാണ് അന്വേഷണം. വ്യാജ കമ്പനികളുടെ പേരിലാണ് ഇയാൾ ഉപഭോക്താക്കളെ വലയിലാക്കിയിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസ് വഴിയാണ് പ്രതി ഇരകളെ കണ്ടെത്തിയിരുന്നത്. വീടുകളിൽ നിർമ്മാണ പ്രവൃത്തികൾ വാഗ്ദാനം ചെയ്ത് അഡ്വാൻസ് തുക ബാങ്ക് അക്കൗണ്ട് വഴി വാങ്ങിയ ശേഷം, പ്രവൃത്തികൾ ആരംഭിക്കാതെ ഇയാൾ വഞ്ചിക്കുകയായിരുന്നു പതിവ്. സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് പണം തിരികെ നൽകാം എന്ന് ഉറപ്പുനൽകുമെങ്കിലും പിന്നീട് പണം നൽകുകയോ ഫോൺ കോളുകൾക്ക് മറുപടി നൽകുകയോ ചെയ്യാറില്ല. മുൻകൂറായി തുക കൈപ്പറ്റിയ ശേഷം നിർമ്മാണ സാമഗ്രികൾ എത്തിച്ചെങ്കിലും ജോലി പൂർത്തിയാക്കാൻ കൂട്ടാക്കാതിരുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തട്ടിപ്പിന് ഇരയായവർ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 'സിൽവറാഡോ ലോൺ ആൻഡ് സ്നോ', 'ദ ഡെക്ക് എക്സ്പെർട്ട്സ്' തുടങ്ങിയ പേരുകളിലാണ് ഇയാൾ സ്ഥാപനങ്ങൾ നടത്തിയിരുന്നതെന്നും എന്നാൽ ഈ സ്ഥാപനങ്ങളൊന്നും ആൽബർട്ടയിൽ രജിസ്റ്റർ ചെയ്തവയല്ലെന്നും പോലീസ് കണ്ടെത്തി. സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.