പ്രസാദ് തീയാടിക്കല്‍
മനാമ: ബഹ്റൈനിലെ അല്‍ റാംലി ഹൗസിങ് മേഖലയിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 27 വയസ്സുള്ള അമ്മയും മൂന്ന് പിഞ്ചുമക്കളും ദാരുണമായി മരിച്ചു. അഞ്ച്, മൂന്ന്, ഒന്ന് വയസ്സുള്ള കുട്ടികളാണ് അമ്മയ്‌ക്കൊപ്പം ദുരന്തത്തില്‍ മരിച്ചത്.
ബ്ലോക്ക് 714-ലെ താമസകെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഫ്‌ലാറ്റ് നമ്പര്‍ 14-ലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
അഞ്ചുവയസ്സുള്ള കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ നേരിയ ഹൃദയമിടിപ്പോടെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. അമ്മയും മറ്റു രണ്ട് കുട്ടികളും തീപിടിത്തത്തില്‍ മരിച്ചു.
തീപിടിത്തമുണ്ടായ സമയത്ത് ഭര്‍ത്താവ് ഹസ്സന്‍ അബ്ദുല്‍അല്‍ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മൂന്ന് മക്കളെയും നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.
ഒരു കുടുംബത്തിലെ അമ്മയുടെയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവന്‍ ഒരുമിച്ച് കവര്‍ന്ന ദുരന്തം ബഹ്റൈന്‍ സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.