ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്‌ഫോം വഴി പ്രണയം നടിച്ച് യുവാവിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ രണ്ട് ഇന്ത്യൻ വംശജർ കാനഡയിൽ അറസ്റ്റിൽ. ബ്രാംപ്റ്റൺ സ്വദേശികളായ ഹർവിന്ദർ സിംഗ് (35), റിയ റിയ (23) എന്നിവരെയാണ് പീൽ റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തത്. 6,000 കനേഡിയൻ ഡോളറാണ് ഇവർ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് 'മനീഷ ശർമ്മ' എന്ന വ്യാജ പേരിൽ ഇവർ മെസേജിംഗ് ആപ്പ് വഴി ഇരയായ വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. പ്രണയം നടിച്ച് ഓഗസ്റ്റിൽ നേരിട്ട് കാണാമെന്ന് വിശ്വസിപ്പിച്ച് ബ്രാംപ്റ്റണിലെ ഒരു ബേസ്‌മെൻ്റ് അപാർട്ട്‌മെൻ്റിലേക്ക് യുവാവിനെ വിളിച്ചുവരുത്തി. യുവാവ് അപാർട്ട്‌മെൻ്റിൽ എത്തിയതിന് പിന്നാലെ ഹർവിന്ദർ സിംഗ് മുറിയിലേക്ക് കടന്നുവരികയും, അതിക്രമിച്ചു തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി ഓൺലൈനായി $6,000 തട്ടിയെടുക്കുകയുമായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് ഓഗസ്റ്റ് 12-ന് പ്രതികൾ പിടിയിലാകുന്നത്. അനധികൃതമായി തടഞ്ഞുവെക്കൽ, കവർച്ച, ഭീഷണിപ്പെടുത്തൽ, പണം തട്ടൽ എന്നീ ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഡേറ്റിംഗ് ആപ്പുകൾ വഴി കൂടുതൽ പേർ ഇവരുടെ ചതിക്കുഴിയിൽ പെട്ടിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സമാന അനുഭവങ്ങൾ ഉണ്ടായവർ ഭയപ്പെടാതെ പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ ബന്ധപ്പെടണമെന്ന് പീൽ റീജിയണൽ പോലീസ് അഭ്യർത്ഥിച്ചു.