Story Written by, Abraham George, Chicago
അബു, അബുദാബിയ്ക്ക് ചേക്കേറാൻ തന്നെ തീരുമാനമെടുത്തു. അവിടെയെത്തുക, അവളെ കണ്ടെത്തുക, അവളെ വിവാഹം കഴിച്ച് അവിടെ തന്നെ കൂടുക. അതൊരുറച്ച തീരുമാനമായിരുന്നു.
അബു ഓർത്തു... എന്നാലും വത്സലയുടെ മാതാപിതാക്കൾ ഞങ്ങളെ മനസ്സിലാക്കുന്നില്ലല്ലോ? യഥാർത്ഥ പ്രണയസാക്ഷാൽക്കാരത്തിന് മതങ്ങളെന്തിന് വാളെടുക്കുന്നു. അതാണ് അബുവിന് മനസ്സിലാവാതെപോയത്. ഞങ്ങൾ കുട്ടിക്കാലം മുതലെ സ്നേഹിക്കുന്നു. മുതിർന്നപ്പോൾ അത് പ്രണയമായി മാറി. വേർതിരിക്കാനാവാത്തവണ്ണം ഒന്നായി. കുട്ടിക്കാലത്ത് വത്സലയുടെ കുടുംബത്തിനു വേണ്ടിയെന്തെല്ലാം സഹായം ചെയ്തു കൊടുത്തിരിക്കുന്നു. അവർ എത്രത്തോളം എന്നെ സ്നേഹിച്ചിരുന്നു. കുന്നോളം സൽകർമ്മങ്ങൾ ചെയ്തിട്ടും സത്യസന്ധത കാണിച്ചിട്ടും ഈയൊരു കാര്യം വന്നപ്പോൾ അവരുടെ വിധം മാറി. ഇല്ല, ഞാനിത് വിട്ടുകൊടുക്കില്ല. എത്ര ക്രൂരമായ വാക്കുകളാണ് അവരെനിക്ക് നേരെ തൊടുത്തുവിട്ടത്. കത്തുന്ന വാക്കുകൾക്കിടയിൽ എരിയുന്ന മനസ്സുണ്ടെന്ന് അവർ അറിയുന്നില്ല. മനസ്സിന് തീ പിടിക്കുമ്പോളാണ് പല ജീവിതങ്ങളും ഇല്ലാതാകുന്നതെന്ന് അവർ മനസ്സിലാക്കുന്നുമില്ല.
അന്നത്തെ മെയിലിലും വത്സലയുടെ മെസ്സേജ് ഉണ്ടായിരുന്നു. ഉടൻ തന്നെ മറുപടി കൊടുത്തു. ഉടൻ ഞാൻ അബുദാബിയിൽ എത്തും. അവിടെ ഒരു ജോലി ഖാദറിക്ക വഴി ശരിയായിട്ടുണ്ട്. കാത്തിരിക്കുക. അത്രമാത്രം എഴുതി ലാപ്ടോപ്പ് മടക്കി വെച്ചു. സുഹൃത്തുക്കളുടെ നിരന്തര പ്രയത്നം അബുദാബിയിലെന്നെ എത്തിച്ചു. എയർപോർട്ടിൽ ഖാദറിക്ക എന്നെ കാത്തു നിന്നിരുന്നു. സൂപ്പർ മാർക്കറ്റിലെ സെയിൽസ്മാനായി ജോലി തരപ്പെട്ടു. ഇക്കയുടെ കൂടെ താമസം. അവിടെയെത്തിയതിനു ശേഷം വത്സലക്ക് ഒരു മെയിൽ അയച്ചു. അതിന് അപ്പോൾ തന്നെ മറുപടിയും വന്നു. കുറച്ച് പണം സ്വരൂപിക്കുന്നതു വരെ കാത്തിരിക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. രഹസ്യമായി അവളെ കണ്ടെത്തണം, അതിനുള്ള വഴി ആരാഞ്ഞുകൊണ്ടേയിരുന്നു.
ഇടക്ക് ഖാദറിക്ക പറഞ്ഞു: "ഇത് നമ്മളുടെ നാടല്ലായെന്ന ഓർമ്മ വേണം." ഇവിടെത്തെ നിയമം നമുക്ക് അനുകൂലമാകില്ല. സത്യം നമ്മളുടെ വശത്താണങ്കിലും പോലീസ് കണ്ണടച്ച് ഇരുട്ടാക്കുക തന്നെ ചെയ്യും. ചെറിയ കാര്യത്തിനു പോലും തുറുങ്കിലായെന്നും വരും. നന്മൾ സൂക്ഷിച്ച് ജീവിക്കുക, അത്രേ വഴിയുള്ളൂ."
അയാൾ ചിന്തിച്ചു: "ഞാനിവിടെ എത്തിയതെന്തിനാണ്, അവളെ സ്വന്തമാക്കാൻ " അതിനായിയെന്ത് ദുരിതം വന്നാലും സഹിക്കണം. പ്രണയിനിക്കുവേണ്ടി രാജ്യം ഉപേക്ഷിച്ച രാജാക്കന്മാർ വരെയുണ്ട്. ഞാനവൾക്കായ് വേണ്ടിവന്നാൽ എൻ്റെജീവൻ വരെ ബലിയർപ്പിക്കും.
--------തുടരും----------