ഒരു സിനിമാക്കഥയെ വെല്ലുന്ന ധീരതയോടെ കൂറ്റൻ കറുത്ത കരടിയോട് പോരാടി സ്വന്തം കുടുംബത്തിൻ്റെ ജീവൻ രക്ഷിച്ച 'ക്ലോയി' എന്ന വളർത്തുനായയ്ക്ക് അപൂർവ്വ നേട്ടം. കാനഡയിലെ പ്രശസ്തമായ 'പൂരിന ആനിമൽ ഹാൾ ഓഫ് ഫെയിം' പുരസ്കാരം സ്വന്തമാക്കിയാണ് ക്ലോയി ഇപ്പോൾ താരമായി മാറിയിരിക്കുന്നത്.
ഒൻ്റേരിയോയിലെ നിപ്പിഗൺ സ്വദേശികളായ കൊലെറ്റ് ശ്വെറ്റ്സ്, ജോ ശ്വെറ്റ്സ് ദമ്പതികളുടെ വളർത്തുനായയാണ് ക്ലോയി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വീട്ടിനുള്ളിൽ കയറിയ കറുത്ത കരടിയിൽ നിന്ന് വീട്ടുകാരെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ചതിനാണ് ക്ലോയിക്ക് ഈ ആദരം ലഭിച്ചത്. സെപ്റ്റംബർ 16-ന് രാത്രിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വീടിന് പുറത്തിറങ്ങിയ ക്ലോയി തിരികെ അടുക്കളയിലേക്ക് കയറിയപ്പോൾ പിന്നാലെ ഒരു വലിയ കരടിയും വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുടമസ്ഥൻ ജോ കാണുന്നത് കരടിയുടെ പിൻകാലിൽ കടിച്ചുതൂങ്ങി അതിനെ പുറത്തേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്ന ക്ലോയിയെയാണ്. തുടർന്ന് വീട്ടുകാരും നായയും ചേർന്ന് കരടിയെ അടുക്കളയിൽ നിന്ന് മാറ്റിയെങ്കിലും അത് വീടിന്റെ ബേസ്‌മെന്റിലേക്ക് കയറിപ്പറ്റി.പോലീസെത്തി കരടിയെ നേരിടുന്നതുവരെ ക്ലോയി ഭയമില്ലാതെ കുരച്ചുകൊണ്ട് കരടിയെ പ്രതിരോധിച്ചു നിർത്തി.
കരടിയുടെ ആക്രമണത്തിൽ ക്ലോയിക്കും വീട്ടുകാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ക്ലോയിക്ക് ആഴത്തിൽ കടിയേറ്റതിനെ തുടർന്ന് ജീവൻ അപകടത്തിലായെങ്കിലും വിദഗ്ദ്ധ ചികിത്സയിലൂടെ രക്ഷപ്പെടുത്തിയെടുക്കാൻ സാധിച്ചു. വലിയൊരു അപകടത്തിൽ നിന്ന് തങ്ങളെ രക്ഷിച്ച ക്ലോയിയാണ് തങ്ങളുടെ യഥാർത്ഥ ഹീറോയെന്ന് ഉടമ കൊലെറ്റ് പറഞ്ഞു.
അടിയന്തര ഘട്ടങ്ങളിൽ മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ധീരമായി പോരാടിയ മൃഗങ്ങളെ ആദരിക്കാനായി 1968-ലാണ് 'പൂരിന ആനിമൽ ഹാൾ ഓഫ് ഫെയിം' ആരംഭിച്ചത്. ഇതുവരെ 170 നായ്ക്കളും 27 പൂച്ചകളും ഒരു കുതിരയും ഉൾപ്പെടെ 198 മൃഗങ്ങൾക്ക് ഈ അപൂർവ്വ ബഹുമതി ലഭിച്ചിട്ടുണ്ട്.