കാലിഗറിയിലെ സോമർസെറ്റ്-ബ്രിഡിൽവുഡ് സി ട്രെയിൻ സ്റ്റേഷനിൽ വംശീയ അധിക്ഷേപം നടത്തുകയും രണ്ടുപേരെ ആക്രമിക്കുകയും ചെയ്തതിന് ഒരാളെ അറസ്റ്റ് ചെയ്തു. 38-കാരനായ സ്റ്റീപ്പൻ സുരാൻ) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാൾക്കെതിരെ മുൻപ് തന്നെ 11 വാറൻ്റുകൾ നിലവിലുണ്ടായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 7:30-ഓടെയാണ് സംഭവം നടന്നത്. സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന ഒരു സ്ത്രീയോട് ഇയാൾ വംശീയ അധിക്ഷേപം നടത്തുകയും തുടർന്ന് അവരുടെ മുഖത്തടിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച മറ്റൊരു യാത്രക്കാരനെയും പ്രതി ആക്രമിക്കുകയായിരുന്നു. മുഖത്ത് പരിക്കേറ്റ ഈ യാത്രക്കാരൻ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന പോലീസുകാരെ കണ്ട് വിവരം അറിയിച്ചു. പ്രതി സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പ്രദേശം വളഞ്ഞ് ഇയാളെ പിടികൂടി.
ആക്രമണത്തിൽ പരിക്കേറ്റ യാത്രക്കാരൻ്റെ പരിക്കുകൾ ഗുരുതരമല്ല. എന്നാൽ ആക്രമണത്തിനിരയായ സ്ത്രീയെ ഇതുവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. പോലീസിന് വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഇതൊരു യാദൃശ്ചികമായ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വംശീയ വിദ്വേഷം ഇതിന് പ്രേരകമായിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. പൊതുഗതാഗത സംവിധാനങ്ങളിൽ അക്രമങ്ങൾക്കും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് കാലിഗറി പോലീസ് ഇൻസ്‌പെക്ടർ ഡാരി മിഡ്‌ഡാൽ വ്യക്തമാക്കി. സംഭവത്തിന് സാക്ഷികളായവരോ വിവരങ്ങൾ അറിയാവുന്നവരോ കാലിഗറി പോലീസിനെയോ (403-266-1234) ക്രൈം സ്റ്റോപ്പേഴ്‌സിനെയോ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.