കാനഡയിലെ ക്യൂബെക്കിലുള്ള ഒരു കൊച്ചുനഗരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും കായിക-വിനോദ ലോകത്തും പ്രധാന സംസാരവിഷയം. പേരിന്റെ പ്രത്യേകത തന്നെയാണ് ഇതിന് കാരണം: ‘സെന്റ്-ലൂയിസ്-ദു-ഹാ! ഹാ!’ (Saint-Louis-du-Ha! Ha!). "കാനഡയിലെ ഏറ്റവും രസകരമായ പേരുള്ള നഗരം ഏതാണ്?" എന്ന ചോദ്യത്തോടെ കനേഡിയൻ സർക്കാരും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ കൊച്ചുനഗരത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്.
ഔദ്യോഗിക പേരിൽ ഒന്നിലധികം ആശ്ചര്യചിഹ്നങ്ങൾ ഉള്ള ലോകത്തിലെ ഏക നഗരം എന്ന ഗിന്നസ് ലോകറെക്കോർഡും ഈ പ്രദേശത്തിന് സ്വന്തമാണ്. മോൺട്രിയാലിൽ നിന്ന് ഏകദേശം അഞ്ച് മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന ഈ നഗരത്തിന് പിന്നിൽ രസകരമായ ചില കഥകളുമുണ്ട്: കഠിനമായ കാട്ടുപാതകളിലൂടെ 35 മൈൽ നടന്ന് തളർന്നെത്തിയ സഞ്ചാരികൾ, പെട്ടെന്ന് മനോഹരമായ ടെമിസ്‌കൗട്ട തടാകം കണ്ടപ്പോൾ സന്തോഷത്താൽ "ആഹ്! ആഹ്!" എന്ന് പറഞ്ഞതിൽ നിന്നാണ് ഈ പേര് വന്നതെന്നാണ് ഒരു പ്രചാരണം.
എന്നാൽ, ഫ്രഞ്ച് ഭാഷയിലെ 'ഹാ! ഹാ!' (Ha! Ha!) എന്ന പഴയ വാക്കിൽ നിന്നാണ് ഈ പേരിൻ്റെ തുടക്കമെന്ന് ക്യൂബെക്ക് ടോപ്പോണമി കമ്മീഷൻ വ്യക്തമാക്കുന്നു. യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി നേരിടുന്ന തടസ്സങ്ങളെയോ, വഞ്ചികൊണ്ട് മുന്നോട്ട് പോകാൻ കഴിയാത്ത കായൽ വളവുകളെയോ സൂചിപ്പിക്കാനാണ് പണ്ട് ഈ വാക്ക് ഉപയോഗിച്ചിരുന്നത്. തടാകത്തിലെ തടസ്സം കാരണം വഞ്ചി നിർത്തി കരമാർഗ്ഗം സഞ്ചരിക്കേണ്ടി വന്ന അനുഭവത്തിൽ നിന്നാണ് നഗരത്തിന് ഈ പേര് വീണത്.
2021-ലെ കണക്കെടുപ്പ് പ്രകാരം കേവലം 1,311 ആളുകൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. എങ്കിലും സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകൾ ഈ കൊച്ചുനഗരത്തിലുണ്ട്യ1976-ൽ സ്ഥാപിതമായ ഇവിടെ വലിയ ടെലിസ്കോപ്പിലൂടെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കാണാൻ അവസരമുണ്ട്. ടെമിസ്‌കൗട്ട വാലി ഗോൾഫ് ക്ലബ്ബ്, മനോഹരമായ നടപ്പാതകളും സൈക്ലിംഗ് ട്രാക്കുകളുമുള്ള നാഷണൽ പാർക്കുകൾ, ക്യാമ്പിംഗ് സൗകര്യങ്ങൾ എന്നിവയും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.