ജീവന് ഭീഷണിയെന്ന് പോലീസ് മുന്നറിയിപ്പ്: കാനഡയിലെ സിഖ് പ്രവർത്തകർക്ക് 'ഡ്യൂട്ടി ടു വാൺ' നോട്ടീസ് അയച്ച് ആർ.സി.എം.പി

By: 600110 On: Aug 19, 2026, 12:26 PM

 

 

 ബ്രിട്ടീഷ് കൊളംബിയ, ഒൻ്റാരിയോ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സിഖ് പ്രവർത്തകർക്ക് ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് മുന്നറിയിപ്പ് നൽകി. ഒൻ്റാരിയോയിലെ കാലിഡൺ സ്വദേശി ഇന്ദർജീത് സിംഗ് ഗോസാൽ, ബി.സി.യിലെ അബ്ബോട്സ്ഫോർഡ് സ്വദേശി മഞ്ജീന്ദർ സിംഗ് എന്നിവർക്കാണ് ഔദ്യോഗികമായി 'ഡ്യൂട്ടി ടു വാൺ'  നോട്ടീസ് ലഭിച്ചിരിക്കുന്നത്. സിഖ് റഫറണ്ടം പ്രചാരണങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഏജൻസികൾക്ക് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതും ഇവർക്ക് മുന്നറിയിപ്പ് നൽകിയതും.

ഖാലിസ്ഥാൻ വാദിയായ ഹർദീപ് സിംഗ് നിജ്ജാർ 2023-ൽ  വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിന് ശേഷം കാനഡയിലെ റഫറണ്ടം സംഘാടന ചുമതലകൾ ഏകോപിപ്പിച്ചു വരുന്നത് ഇന്ദർജീത് സിംഗ് ഗോസാലാണ്. ജീവന് ഭീഷണിയുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗിക പോലീസ്‌ സുരക്ഷ സ്വീകരിക്കാൻ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ല. മുൻപ് നടന്ന കൊലപാതകങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുടെ ഇടപെടലുണ്ടെന്ന ആരോപണം ശക്തമായി നിലനിൽക്കെയാണ് സുരക്ഷാ ഏജൻസികളുടെ പുതിയ നീക്കം.

പൗരന്മാരുടെ ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുകയെന്ന കനേഡിയൻ പോലീസിൻ്റെ ഉത്തരവാദിത്തത്തിൻ്റെ ഭാഗമായാണ് നടപടിയെങ്കിലും, ഭീഷണിയുടെ ഉറവിടം സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വരും മാസങ്ങളിൽ റഫറണ്ടം വോട്ടെടുപ്പുകൾ തുടരാൻ സംഘാടകർ തീരുമാനിച്ചിരിക്കുന്നതിനാൽ, പ്രവിശ്യാ പോലീസും ആർ.സി.എം.പിയും മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.