അനധികൃതമായി ഉയർന്ന പലിശ ഈടാക്കുകയും നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ക്യുബെക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ വായ്പാ സ്ഥാപനങ്ങൾക്കും അതിൻ്റെ ഉടമകൾക്കുമെതിരെ കർശന നടപടിയുമായി ആൽബെർട്ട . ആൽബെർട്ട കൺസ്യൂമർ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ് (CIU) നടത്തിയ അന്വേഷണത്തെത്തുടർന്ന്, ആവശ്യമായ ലൈസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അയ്യായിരം മുതൽ കാൽ ലക്ഷം ഡോളർ വരെ പിഴ ചുമത്തുകയും അഞ്ച് വർഷത്തേക്ക് പ്രവർത്തിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. വ്യാജ സാമ്പത്തിക ഇടപാടുകൾ നടത്തി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണതയ്ക്കെതിരെയുള്ള ശക്തമായ നടപടി ആണിത്.
വായ്പാ തുക തിരിച്ചുപിടിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്ത് ഉപഭോക്താക്കളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും തടസ്സപ്പെടുത്തുന്ന രീതിയിലായിരുന്നു സ്ഥാപനങ്ങളുടെ പ്രവർത്തനം. വായ്പയെടുത്ത വ്യക്തികളെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയും തൊഴിലുടമകളെയും ആശുപത്രികൾ ഉൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളെയും ടെലിഫോൺ ശൃംഖലകൾ തടസ്സപ്പെടുത്തി നിരന്തരം സമ്മർദ്ദത്തിലാക്കുന്ന ഇത്തരം രീതികൾ ഭരണഘടനാ വിരുദ്ധവും ഗുരുതരമായ കുറ്റകൃത്യവുമാണെന്ന് മന്ത്രി ഡെയ്ൽ നാലി നിരീക്ഷിച്ചു.
സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ കോടതി നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് ലംഘിച്ച പ്രാദേശിക വായ്പാ ഏജൻസികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം, വ്യാജ വായ്പ സ്ഥാപനങ്ങളുടെ കെണിയിൽ പെടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചും ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് പ്രവിശ്യാ സർക്കാരിൻ്റെ ഔദ്യോഗിക വിവരങ്ങൾ അടങ്ങിയ Service Alberta Consumer Protection സന്ദർശിക്കണമെന്നും അധികൃതർ വ്യക്തമാക്കി