ഭര്‍ത്താവിന്റെ അന്ത്യചുംബനത്തിന് പിന്നാലെ ഭാര്യയും യാത്രയായി; പാലായില്‍ കണ്ണീരോര്‍മ്മയായി കുര്യച്ചനും ഷേര്‍ലിയും  

By: 600002 On: Aug 19, 2026, 9:01 AM

 

പാലാ: ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. പാലാ പുത്തന്‍പള്ളിക്കുന്ന് വാഴയില്‍ കുര്യന്‍ ജോസഫ് (കുര്യച്ചന്‍73) അന്തരിച്ചതിനെത്തുടര്‍ന്നാണ് ഹൃദയഭേദകമായ സംഭവം.

ഭര്‍ത്താവിന്റെ സംസ്‌കാര ശുശ്രൂഷയ്ക്കിടെ അന്ത്യചുംബനം നല്‍കിയ ശേഷം ഭാര്യ ഷേര്‍ലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

15ന് ഉച്ചയോടെയാണ് കുര്യന്‍ ജോസഫ് മരിച്ചത്. ഇന്നലെ രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി മൃതദേഹം പള്ളിയിലേക്ക് എത്തിക്കുന്നതിനിടെയാണ് ഭാര്യയും കുഴഞ്ഞുവീണത്. തുടര്‍ന്ന് ഇരുവരുടെയും സംസ്‌കാര ശുശ്രൂഷകള്‍ ഒരുമിച്ച് ഇന്ന് പാലാ സെന്റ് ജോര്‍ജ് ളാലം പുത്തന്‍ പള്ളി സെമിത്തേരിയില്‍ നടത്തുകയായിരുന്നു.

പാലായിലെ ആദ്യകാല വ്യാപാരിയായിരുന്ന കുര്യന്‍ ജോസഫിന്റെയും ഷേര്‍ലിയുടെയും മക്കള്‍ എയ്ഞ്ചല കുര്യന്‍, അന്ന കുര്യന്‍, എബി കുര്യന്‍ എന്നിവരാണ്. 

മരുമക്കള്‍: ലിയോ മൈക്കിള്‍ പറമുണ്ടയില്‍,മേതിരി, ജോണ്‍ വിന്‍സന്റ് കണ്ടിരിക്കല്‍, തൊടുപുഴ, സോനാ മാത്യു കൊട്ടാരത്തില്‍, മുട്ടുച്ചിറ.

ഭര്‍ത്താവിന്റെ വേര്‍പാടിന്റെ വേദന താങ്ങാനാകാതെ ഭാര്യയും മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെട്ടത് ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.