ഭാര്യയെ വെടിവച്ചു കൊന്ന പ്രതിയുടെ വധശിക്ഷ ഫ്‌ലോറിഡയില്‍ നടപ്പാക്കി, ഈ വര്‍ഷം സംസ്ഥാനത്തു നടപ്പാക്കുന്ന 13-ാമത്തെ വധശിക്ഷ

By: 600002 On: Aug 19, 2026, 8:42 AM


 

പി പി ചെറിയാന്‍

സ്റ്റാര്‍ക്ക്(ഫ്‌ലോറിഡ): അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ വെടിവച്ചുകൊല്ലുകയും അമ്മായിഅമ്മയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയായ 61-കാരന്‍ വില്യം ഫ്രാന്‍സെസ് സില്‍വയുടെ വധശിക്ഷ ഫ്‌ലോറിഡയില്‍ നടപ്പാക്കി. ചൊവ്വാഴ്ച വൈകുന്നേരം 6:11-ന് വിഷസൂചി പ്രയോഗിച്ചാണ് സില്‍വയുടെ മരണം സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഫ്‌ലോറിഡയില്‍ നടപ്പിലാക്കുന്ന 13-ാമത്തെ വധശിക്ഷയാണിത്.

'ഇതെല്ലാം സംഭവിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു, ഇതൊരു അപകടമായിരുന്നു; അവരെ ഉപദ്രവിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല,' എന്നായിരുന്നു വധശിക്ഷക്ക് മുന്‍പ് സില്‍വയുടെ അവസാന വാക്കുകള്‍.

2006-ല്‍ ഒര്‍ലാന്റോയിലെ വസതിയില്‍ വെച്ചാണ് സില്‍വ ഭാര്യ പട്രീഷ്യയെയും അമ്മായിഅമ്മയെയും വെടിവെച്ചത്. പട്രീഷ്യ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. 

2026-ല്‍ ഇതുവരെ അമേരിക്കയില്‍ നടന്ന ആകെ 23 വധശിക്ഷകളില്‍ പകുതിയിലധികവും ഫ്‌ലോറിഡയിലാണ് നടന്നത്. വരുന്ന സെപ്റ്റംബറില്‍ മറ്റ് രണ്ട് പ്രതികളുടെ വധശിക്ഷ കൂടി ഫ്‌ലോറിഡയില്‍ നിശ്ചയിച്ചിട്ടുണ്ട്.