പി പി ചെറിയാന്‍
പെന്‍സില്‍വാനിയ: ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ച കാമുകിയുടെ കഴുത്തറുത്തു കൊലപ്പെടുത്തി മൃതദേഹം അലമാരയില്‍ തള്ളിയ ശേഷം രക്ഷപ്പെട്ട യുവാവ് മാസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഓഗസ്റ്റ് 17-ന് പിടിയിലായി.
മാര്‍ച്ച് 9-ന് ഹോണ്ടുറാസിലേക്ക് കടന്ന ഇയാളെ തിങ്കളാഴ്ച അവിടെവെച്ച് പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ വിചാരണയ്ക്കായി അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും.
ഡാര്‍വിന്‍ ഡേവിഡ് എസ്പിനാല്‍-ഡെല്‍-സിഡ് (27) എന്നയാളെയാണ് ഹോണ്ടുറാസില്‍ നിന്ന് എഫ്.ബി.ഐയും പ്രാദേശിക ഏജന്‍സികളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് മാസത്തില്‍ പെന്‍സില്‍വാനിയയിലെ ടെല്‍ഫോര്‍ഡിലാണ് സംഭവം. 23 കാരിയായ മരിയ ബെര്‍ണാഡ പോപോള്‍ ഗാര്‍സിയ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മരിയയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം തുണികളില്‍ പൊതിഞ്ഞ് കിടപ്പുമുറിയിലെ അലമാരയില്‍ ഒളിപ്പിച്ചു. കൊലപാതകത്തിന് ശേഷം മരിയ ജീവനോടെയുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതി അവളുടെ ഫോണില്‍ നിന്ന് ബന്ധുക്കള്‍ക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കുകയും ഫോണും പണവും കവര്‍ന്ന് രാജ്യം വിടുകയും ചെയ്തു.