നവംബർ 30 മുതൽ കാനഡയിലെ ആഭ്യന്തര വിമാന യാത്രകൾ പൂർണ്ണമായും വാക്‌സിൻ എടുത്തവർക്ക് മാത്രം 

By: 600007 On: Oct 31, 2021, 7:52 PM

കാനഡയിലെ ആഭ്യന്തര വിമാന,ട്രെയിൻ ക്രൂയിസ് ഷിപ്പുകളിൽ യാത്ര ചെയ്യുന്നതിന് കോവിഡ് വാക്‌സിനേഷന്റെ തെളിവ് കാണിക്കണം എന്ന നിയമം ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ വന്നു. 12 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് യാത്ര ചെയ്യുന്നതിന് പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നതിനുള്ള തെളിവ് കാണിക്കേണ്ടതാണ്. നവംബർ 29 വരെ പൂർണ്ണമായും വാക്‌സിൻ എടുക്കാത്തവർക്ക് യാത്രയ്ക്ക് മുൻപായി 72 മണിക്കൂറിനകം എടുത്ത കോവിഡ് മോളിക്യുലാർ നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ഉപയോഗിച്ച് യാത്ര ചെയ്യാം. എന്നാൽ നവംബർ 30 മുതൽ പൂർണ്ണമായും വാക്‌സിൻ  എടുക്കാത്തവർക്ക് യാത്ര ചെയ്യുവാൻ അനുവദിക്കില്ല എന്ന് ട്രാവൽ കാനഡ ന്യൂസ് റിലീസിൽ അറിയിച്ചു.    

കാനഡയിൽ നിന്നുള്ള അന്തർദേശീയ വിമാന യാത്രയ്ക്കും പുതിയ നിയമം ബാധകമാണ്.  യാത്രയ്ക്ക് കുറഞ്ഞത് 14 ദിവസം മുൻപെങ്കിലും രണ്ടാമത്തെ ഡോസ് എടുത്തവരെ ആണ് പൂർണ്ണമായും വാക്‌സിൻ എടുത്തവരായി കണക്കാക്കുക. 24 മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ക്രൂയിസ് ഷിപ്പ് യാത്രകൾക്കും വാക്സിനേഷൻ തെളിവ് കാണിക്കണമെന്ന് ട്രാവൽ കാനഡ അറിയിച്ചു. .