ആഗസ്റ്റ് 23 ലെ 'ചീപ്പ് ഫ്ലൈറ്റ് ഡേ': കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭിക്കുമോ? ഇതാണ് യാഥാർത്ഥ്യം

By: 600110 On: Aug 18, 2026, 12:37 PM

നാഷണൽ ചീപ്പ് ഫ്ലൈറ്റ് ഡേ എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു യാത്രാപ്രേമിയുടെയും മനസ്സിൽ ആദ്യം തെളിയുന്നത് വൻ ഓഫറുകളോടെ ലഭിക്കുന്ന വിമാന ടിക്കറ്റുകളാണ്. എന്നാൽ അന്നേദിവസം മാത്രം വൻ ഓഫറുകൾ ലഭിക്കുമെന്നത് ഒരു വിപണന തന്ത്രം മാത്രമാണെന്ന് ട്രാവൽ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.  വേനൽക്കാല അവധിക്കാലം കഴിഞ്ഞ് വിമാന നിരക്കുകൾ താഴേക്ക് പോകുന്നതിനോടനുബന്ധിച്ചാണ് ആഗസ്റ്റ് 23  നാഷണൽ ചീപ്പ് ഫ്ലൈറ്റ് ഡേ ആയി ആചരിക്കപ്പെടുന്നത്. . എന്നാൽ വിമാനക്കമ്പനികൾ ഒരു പ്രത്യേക ദിവസം മാത്രം ടിക്കറ്റ് നിരക്കുകൾ വെട്ടിക്കുറയ്ക്കാറില്ലെന്നും, യാത്രാ ആവശ്യകത അനുസരിച്ച് ദിവസവും പല തവണ മാറ്റങ്ങൾ വരുത്താറുണ്ടെന്നുമാണ് 'ത്രൈഫ്റ്റി ട്രാവലർ'  പോലുള്ള പ്രമുഖ ഏജൻസികളുടെ വിലയിരുത്തൽ.

ഓഗസ്റ്റ് 23 ഒരു ഒറ്റപ്പെട്ട ഓഫർ ദിനമല്ലെങ്കിലും, ഈ സമയത്ത് വൻകിട വിമാനക്കമ്പനികൾ നൽകുന്ന മുൻകൂട്ടി നിശ്ചയിച്ച ചില അവസരങ്ങൾ യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന്, ബ്രിട്ടീഷ് എയർവേയ്‌സ് , വിർജിൻ അറ്റ്‌ലാന്റിക് തുടങ്ങിയ പ്രമുഖ കമ്പനികൾ ഓഗസ്റ്റ് അവസാനത്തോടെ തങ്ങളുടെ പ്രധാന ആഗോള റൂട്ടുകളിലേക്ക് ആകർഷകമായ ഓഫറുകൾ അവതരിപ്പിക്കാറുണ്ട്. വടക്കൻ അമേരിക്കൻ, ഇന്ത്യൻ റൂട്ടുകളിലാണ് ബ്രിട്ടീഷ് എയർവേയ്‌സ് പ്രധാനമായും ഇളവുകൾ നൽകുന്നത്. കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരം കാരണം ഇവയിലൊരു വിമാനക്കമ്പനി ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചാൽ തൊട്ടുപിന്നാലെ മറ്റേ കമ്പനിയും സമാനമായ കുറഞ്ഞ നിരക്കുകൾ ലഭ്യമാക്കാറുണ്ട്.

യാത്ര തിരിക്കുന്നതിന് എത്ര ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് യഥാർത്ഥത്തിൽ നിരക്കുകളിലെ ലാഭം നിർണ്ണയിക്കപ്പെടുന്നത്. 'ചീപ്പ് ഫ്ലൈറ്റ് ഡേ' എന്ന് വിശേഷിപ്പിക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നതിന് പകരം, യാത്രാ തിയതിക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പേ തന്നെ വിലക്കുറവുകൾ നിരീക്ഷിക്കുകയും അനുയോജ്യമായ നിരക്കുകൾ കാണുമ്പോൾ ഉടൻ തന്നെ ബുക്കിംഗ് പൂർത്തിയാക്കുകയുമാണ് ബുദ്ധിപൂർവ്വമായ മാർഗ്ഗമെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. പ്രത്യേക ദിവസങ്ങളേക്കാൾ മുൻകൂട്ടിയുള്ള ആസൂത്രണമാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന യാത്ര സാധ്യമാക്കുന്നത്