കാനഡയിലെ ടൊറൻ്റോ നഗരകേന്ദ്രത്തിന് സമീപമുള്ള ബാഥർസ്റ്റ് സ്ട്രീറ്റ്, ഡ്യൂപോണ്ട് സ്ട്രീറ്റ് കവലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ അപൂർവ്വവും ഗുരുതരവുമായ ലിജിയോണെയേഴ്സ് ശ്വാസകോശ രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഈ പ്രദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ആറുപേർക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ടൊറന്റോ പബ്ലിക് ഹെൽത്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ രണ്ട് മുതൽ ജൂലൈ 26 വരെയുള്ള കാലയളവിലാണ് രോഗ ബാധിതരിൽ ലക്ഷണങ്ങൾ പ്രകടമായത്.
ബാക്ടീരിയയുടെ പ്രഭവകേന്ദ്രം കണ്ടെത്താനായി പ്രദേശത്തെ കെട്ടിടങ്ങൾ, കൂളിംഗ് ടവറുകൾ, ജലവിതരണ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി പരിശോധനകളും സാമ്പിൾ ശേഖരണവും നടത്തിവരികയാണ്. സമീപത്തുള്ള 'കാസിൽവ്യൂ വിച്ച്വുഡ് ടവേഴ്സ്' എന്ന കെയർ ഹോമിൽ ജൂലൈയിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ച സംഭവവുമായി ഇതിന് ബന്ധമുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ വിവരമറിയിക്കാൻ പ്രദേശത്തെ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
'ലിജിയോനെല്ല' എന്ന ബാക്ടീരിയ അടങ്ങിയ ജലകണികകൾ ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് ഈ അണുബാധ പടരുന്നത്. അതേസമയം, ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പടരില്ലെന്നതിനാൽ പൊതുജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ആരോഗ്യ ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. പനി, ചുമ, ശ്വാസംമുട്ടൽ, പേശി വേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. വയോധികർ, പുകവലിക്കാർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ടൊറൻ്റോ പബ്ലിക് ഹെൽത്ത് മുന്നറിയിപ്പ് നൽകി.