കാനഡയിലെ വാഹന ഉടമകൾക്ക് താൽക്കാലികമായി ലഭിച്ചിരുന്ന ഇന്ധന നികുതി ഇളവ് ഉടൻ അവസാനിച്ചേക്കും. ഇതോടെ വരുന്ന സെപ്റ്റംബർ മാസം മുതൽ ഇന്ധന വില വീണ്ടും ഉയർന്നേക്കുമെന്നാണ് സൂചന.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച താൽക്കാലിക ഫ്യുവൽ എക്സൈസ് നികുതി ഇളവ് സെപ്റ്റംബർ 7-ഓടെ അവസാനിക്കുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ എട്ട് മുതൽ പൂർണ്ണ നികുതി നിരക്ക് പ്രാബല്യത്തിൽ വരും. ഇറാൻ യുദ്ധത്തെ തുടർന്ന് എണ്ണവില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഏപ്രിൽ 20 മുതൽ ഇന്ധന നികുതി ഒഴിവാക്കിയത്. പെട്രോളിന് ലിറ്ററിന് 10 സെൻ്റും ഡീസലിന് നാല് സെൻ്റും വീതമായിരുന്നു ഇളവ് നൽകിയിരുന്നത്.
നികുതി പുനഃസ്ഥാപിക്കുന്നതോടെ പെട്രോൾ വില ലിറ്ററിന് 10 മുതൽ 11 സെൻ്റ് വരെ വർദ്ധിച്ചേക്കാം. 50 ലിറ്റർ കപ്പാസിറ്റിയുള്ള ഒരു ടാങ്ക് ഫുൾ ചെയ്യുമ്പോൾ അഞ്ച് മുതൽ ആറ് ഡോളർ വരെ അധികമായി ചെലവാകും. സെപ്റ്റംബറോടെ ഇന്ധന സ്റ്റേഷനുകൾ വിലകൂടിയ 'വിൻ്റർ ഗ്രേഡ്' ഗ്യാസിലേക്ക് മാറുന്നതും, മധ്യപൂർവേഷ്യൻ സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലുണ്ടായ വിതരണ തടസ്സങ്ങളും ഇന്ധനവില ഇനിയും ഉയർത്താൻ സാധ്യതയുണ്ട്. നികുതി ഇളവ് നീട്ടുന്നതിനെക്കുറിച്ച് ഫെഡറൽ സർക്കാർ ഇതുവരെ ഔദ്യോഗികമായി തീരുമാനമൊന്നും പുറത്ത് വിട്ടിട്ടില്ല.