നോർത്ത് ഈസ്റ്റ് എഡ്മണ്ടനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ 16 വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. പുലർച്ചെ 5:30-ഓടെ വെടിയൊച്ച കേട്ടതിനെത്തുടർന്ന് എത്തിയ പോലീസാണ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ കേസ് പോലീസ് ഹോമിസൈഡ് യൂണിറ്റ് ഏറ്റെടുത്തു. പെൺകുട്ടിയുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വെടിവെപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചുവരികയാണ്.സമീപവാസികളിൽ നിന്നും സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. പ്രദേശത്തെ വീടുകളിലെ സിസിടിവി (CCTV) ദൃശ്യങ്ങൾ നൽകി അന്വേഷണത്തെ സഹായിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ജനവാസ മേഖലയ്ക്ക് സമീപമുണ്ടായ കൊലപാതകം പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കി. അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അധികൃതർ അറിയിച്ചു.