കാനഡയിലെ പഠനം പൂർത്തിയാക്കിയ ശേഷം പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥിയായ സമീർ ഗഡ്‌വാൾ നാട്ടിലേക്ക് മടങ്ങുന്നു. വർക്ക് പെർമിറ്റിനായുള്ള അപേക്ഷ നിരസിക്കപ്പെട്ടതോടെ കാനഡയിൽ തുടരാനും ജോലി ചെയ്യാനും സാധിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ഇമിഗ്രേഷൻ നിയമങ്ങളിൽ വരുത്തിയ പുതിയ മാറ്റങ്ങളാണ് സമീർ അടക്കമുള്ള നിരവധി വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്.
കാൽഗറിയിലെ പോർട്ടേജ് കോളേജിലാണ് സമീർ പഠനം പൂർത്തിയാക്കിയത്. 'നോൺ-ക്രെഡിറ്റ്' കോഴ്‌സുകളെ വർക്ക് പെർമിറ്റ് യോഗ്യതയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് 2024 മേയിലാണ് ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുതിയ നിബന്ധനകൾ നടപ്പിലാക്കിയത്. നാട്ടിൽ ബാങ്ക് വായ്പയെടുത്താണ് സമീർ പഠനത്തിനായി കാനഡയിലെത്തിയത്. കാനഡയിൽ തുടരാനായി വീണ്ടും വായ്പയെടുക്കാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാലും ധൈര്യമില്ലാത്തതിനാലും നാട്ടിലേക്ക് മടങ്ങി സ്വന്തമായി എന്തെങ്കിലും ആരംഭിക്കുന്നതാണ് നല്ലതെന്ന് സമീർ വ്യക്തമാക്കി.
പുതിയ നിയമങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് കോഴ്‌സിൽ ചേർന്നവരെ നിയമമാറ്റത്തിൽ നിന്ന് ഒഴിവാക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാർത്ഥികൾ. അപേക്ഷകൾ നിരസിക്കപ്പെട്ടതോടെ കാൽഗറിയിലും എഡ്മണ്ടണിലും പോർട്ടേജ് കോളേജിലെ വിദ്യാർത്ഥികൾ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. പഠനകാലത്ത് ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നെങ്കിലും വർക്ക് പെർമിറ്റ് ലഭിക്കാത്തതോടെ നിലവിൽ നിത്യചെലവുകൾക്ക് പോലും പണമില്ലാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ. അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും ഫലം എന്ന് വരുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
സംഭവത്തിൽ ഇമിഗ്രേഷൻ വകുപ്പിൽ നിന്ന് കൂടുതൽ വിശദീകരണം തേടിയിട്ടുണ്ടെന്നും ബാധിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുമെന്നും പോർട്ടേജ് കോളേജ് അധികൃതർ അറിയിച്ചു. കാനഡയിൽ മികച്ച ഭാവി സ്വപ്നം കണ്ടിറങ്ങിയ നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികളാണ് പുതിയ നയതന്ത്ര മാറ്റങ്ങൾ കാരണം മടക്കയാത്രയ്ക്ക് നിർബന്ധിതരാകുന്നത്.