കാനഡയിൽ ജൂലൈ മാസത്തിലെ പണപ്പെരുപ്പത്തിൽ നേരിയ വർദ്ധനവ്. ജൂണിൽ 2.8 ശതമാനമായിരുന്ന പണപ്പെരുപ്പം ജൂലൈയിൽ മൂന്ന് ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചതിനേക്കാൾ (2.9%) നേരിയ വർദ്ധനവാണിത്. പെട്രോൾ വിലയിലുണ്ടായ വർദ്ധനവും വിമാന നിരക്കുകൾ ഉയർന്നതുമാണ് പണപ്പെരുപ്പം കൂടാൻ പ്രധാന കാരണം.
ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില ക്രമാതീതമായി ഉയർന്നതാണ് കാനഡയിലും തിരിച്ചടിയായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂലൈയിൽ പെട്രോൾ വില 25.7 ശതമാനമാണ് വർദ്ധിച്ചത്. വിമാന ഇന്ധനവില ഉയർന്നതോടെ വിമാന യാത്രാച്ചെലവ് 12 ശതമാനവും ഫിഫ ലോകകപ്പ് പശ്ചാത്തലത്തിൽ ടൂർ പാക്കേജ് നിരക്കുകൾ 15.2 ശതമാനവും കൂടി.
എന്നാാൽ പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റ നിരക്ക് ജൂണിലെ 3.9 ശതമാനത്തിൽ നിന്ന് ജൂലൈയിൽ 3.1 ശതമാനമായി കുറഞ്ഞു. പച്ചക്കറികൾ (3.9%), ചിക്കൻ (0.3%) എന്നിവയ്ക്ക് കാര്യമായി വില കുറഞ്ഞപ്പോൾ ധാന്യ ഉൽപ്പന്നങ്ങളുടെ വിലയിൽ 1.7 ശതമാനത്തിൻ്റെ ഇടിവ് രേഖപ്പെടുത്തി. ബെറികൾക്കും തണ്ണിമത്തനും വില കൂടിയതോടെ ഫ്രഷ് ഫ്രൂട്ട്സ് വിലയിൽ 6.1 ശതമാനത്തിൻ്റെ വർദ്ധനവുണ്ടായി.
പെട്രോൾ വില ഒഴിവാക്കിയുള്ള കോർ പണപ്പെരുപ്പം 2.2 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുകയാണ്. ബാങ്ക് ഓഫ് കാനഡ ലക്ഷ്യമിടുന്ന ഒന്ന് മുതൽ മൂന്ന് ശതമാനം വരെയുള്ള പരിധിക്കുള്ളിലാണ് നിലവിലെ പണപ്പെരുപ്പം എന്നതിനാൽ, സെപ്റ്റംബർ രണ്ടിന് നടക്കുന്ന നയരൂപീകരണ യോഗത്തിൽ പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്തിയേക്കില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.