ഹോളിവുഡ് താരം ഹെയ്ഡന്‍ പാനറ്റിയര്‍ അന്തരിച്ചു

By: 600002 On: Aug 18, 2026, 8:14 AM


 

 

പി പി ചെറിയാന്‍

ഹോളിവുഡ്: ഹോളിവുഡ് ടെലിവിഷന്‍ പരമ്പരകളായ 'ഹീറോസ്', 'നാഷ്വില്‍' എന്നിവയിലൂടെ ശ്രദ്ധേയയായ പ്രശസ്ത താരം ഹെയ്ഡന്‍ പാനറ്റിയര്‍ (36) അന്തരിച്ചു. താല്‍ക്കാലികമായി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ ബോധരഹിതയായി കണ്ടെത്തിയതിനെ തുടര്‍ന്ന് വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസും കോറോണര്‍ ഓഫീസും അറിയിച്ചു. മരണകാരണം വ്യക്തമാകാന്‍ കൂടുതല്‍ പരിശോധനാഫലങ്ങള്‍ വരേണ്ടതുണ്ട്.

കുട്ടിക്കാലം മുതല്‍ അഭിനയരംഗത്തുള്ള ഹെയ്ഡന്‍, സിനിമകളിലും ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു. 'നാഷ്വില്‍' എന്ന പരമ്പരയിലെ അഭിനയത്തിന് രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും പരിസ്ഥിതി ക്യാമ്പയിനുകളിലും അവര്‍ സജീവമായി പങ്കെടുത്തിരുന്നു. പ്രമുഖ ചലച്ചിത്ര താരങ്ങളും സഹപ്രവര്‍ത്തകരും ഹെയ്ഡന്റെ അകാല വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.