സ്കൂളുകളിലെ പതാക നിയന്ത്രണവും ദേശീയഗാനം നിർബന്ധമാക്കിയതും വൈകും: അൽബെർട്ട സർക്കാരിൻ്റെ പുതിയ തീരുമാനം

By: 600110 On: Aug 17, 2026, 1:15 PM

 

 

ആൽബർട്ടയിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷാരംഭത്തിൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന പതാക നിയന്ത്രണങ്ങളും ആഴ്ചയിലൊരിക്കൽ ദേശീയഗാനം നിർബന്ധമാക്കുന്ന നിയമവും നടപ്പിലാക്കുന്നത് പ്രവിശ്യാ സർക്കാർ നീട്ടിവെച്ചു. ക്ലാസ് മുറികളിൽ നിന്ന് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാര്യങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട് വസന്തകാലത്ത് പാസാക്കിയ ബില്ലിൻ്റെ ഭാഗമായാണ് സെപ്റ്റംബർ ഒന്ന് മുതൽ ഈ മാറ്റങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിച്ചിരുന്നത്. പുതിയ നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രാബല്യത്തിൽ വരുത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

പുതിയ തീരുമാനപ്രകാരം, കാനഡയുടെയും ആൽബർട്ടയുടെയും ഔദ്യോഗിക പതാകകൾ ഒഴികെയുള്ളവ  സ്കൂളുകളിൽ ഉയർത്തുന്നതിനും പ്രദർശിപ്പിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തുന്ന നിയമമാണ് വൈകുന്നത്. ഇതിനോടൊപ്പം വിദ്യാർത്ഥികൾ ആഴ്ചയിലൊരിക്കൽ ദേശീയഗാനം ആലപിക്കണമെന്ന നിർദ്ദേശവും സ്കൂൾ ബോർഡുകളുടെ അധികാരം പുനർനിർണ്ണയിക്കുന്ന ചില വകുപ്പുകളും താൽക്കാലികമായി മാറ്റിവെച്ചു. എന്നാൽ ഈ മാറ്റങ്ങളെല്ലാം പൂർണ്ണമായും ഒഴിവാക്കിയിട്ടില്ലെന്നും അൽപം വൈകി മാത്രമായിരിക്കും ഇവ പ്രാബല്യത്തിൽ വരികയെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സെപ്റ്റംബർ ഒന്ന് മുതൽ നടപ്പിലാക്കാൻ തീരുമാനിച്ച മറ്റ് നിർദ്ദേശങ്ങൾക്ക് മാറ്റമില്ല. വിദ്യാർത്ഥികളിലെ അക്രമസ്വഭാവം തടയുന്നതിനുള്ള പുതിയ പെരുമാറ്റച്ചട്ടങ്ങൾ, വിദ്യാഭ്യാസ മന്ത്രിക്ക് സ്കൂൾ ബോർഡുകളുടെ മുൻഗണനകൾ നിശ്ചയിക്കാനുള്ള അധികാരം എന്നിവ വരും മാസങ്ങളിൽ തന്നെ പ്രാബല്യത്തിൽ വരും. അധ്യാപക സംഘടനകളും വിവിധ കമ്മ്യൂണിറ്റികളും ഉന്നയിച്ച ആശങ്കകൾ പരിഗണിച്ചാണ് പതാക നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ സമയം നീട്ടിനൽകിയതെന്നാണ് കരുതപ്പെടുന്നത്.