മഞ്ഞുമലകളും തടാകങ്ങളും കടന്ന് 96 മണിക്കൂർ; വടക്കേ അമേരിക്കൻ മണ്ണിലൂടെ ഒരു ഡ്രീം റൈഡ്!

By: 600110 On: Aug 17, 2026, 12:42 PM

 

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായ കാനഡയെ അതിൻ്റെ പൂർണ്ണ സൗന്ദര്യത്തോടെ തൊട്ടറിയാൻ ആഗ്രഹമുണ്ടോ? എങ്കിൽ വിആർ റെയിലിൻ്റെ 'ദി കനേഡിയൻ' എന്ന ഐക്കണിക് ട്രെയിൻ യാത്രയേക്കാൾ മികച്ച മറ്റൊരു വഴിയില്ല. പസഫിക് സമുദ്രതീരത്തെ വാൻകൂവറിൽ നിന്ന് തുടങ്ങി അറ്റ്‌ലാൻ്റിക് തീരത്തോടടുത്ത ടോറൻ്റോ വരെ—അഞ്ചു വൻ പ്രവിശ്യകളും നാല് ടൈം സോണും  താണ്ടി 4,466 കിലോമീറ്റർ നീളുന്ന ഈ മെഗാ റെയിൽ യാത്ര പൂർത്തിയാക്കാൻ വേണ്ടത് കൃത്യം 96 മണിക്കൂറാണ്!  മഞ്ഞുമൂടിയ റോക്കി പർവ്വതനിരകളും, തടാകങ്ങളും, പരന്നുകിടക്കുന്ന പുൽമേടുകളുമൊക്കെ ആയി മികച്ച ഒരു അനുഭവമാണ്  ഈ യാത്ര സമ്മാനിക്കുന്നത്.

സാധാരണക്കാർക്ക് ഉൾപ്പെടെ  ആസ്വദിക്കാൻ പാകത്തിനാണ് ഇതിലെ യാത്രാസൗകര്യങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബജറ്റ് ട്രാവലേഴ്‌സിന് ഏറ്റവും അനുയോജ്യമായ 'ഇക്കോണമി' ക്ലാസിൽ സുഖകരമായ പുഷ്-ബാക്ക് സീറ്റുകളും സുതാര്യമായ ഗ്ലാസ് മേൽക്കൂരയുള്ള 'സ്‌കൈലൈൻ' കാറിലിരുന്ന് പനോരമിക് കാഴ്ചകൾ കാണാനുള്ള അവസരവും ലഭിക്കുന്നു. യാത്രയിൽ കുറച്ചുകൂടി ആഡംബരം വേണമെന്നുള്ളവർക്ക് 'സ്ലീപ്പർ പ്ലസ്' തിരഞ്ഞെടുക്കാം. കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ കണ്ടുകൊണ്ട് രുചികരമായ  ഭക്ഷണവും വൈൻ ടെസ്റ്റിംഗും ആസ്വദിക്കാമെന്നു മാത്രമല്ല,  സുഖമായി ഉറങ്ങാൻ സ്വന്തമായി ഒരു ബെർത്തോ കാബിനോ സ്വന്തമാക്കുകയും ചെയ്യാം.

എന്നാൽ ശരിക്കും രാജകീയമായ അനുഭവമാണ് ആഗ്രഹിക്കുന്നതെങ്കിൽ ട്രെയിനിലെ 5-സ്റ്റാർ ക്ലാസായ 'പ്രെസ്റ്റീജ്' തന്നെ ബുക്ക് ചെയ്യണം.  ഹീറ്റഡ് ഫ്ലോറുകൾ, മിനി ബാർ, ഫ്ലാറ്റ് സ്‌ക്രീൻ ടിവി, പ്രൈവറ്റ് ഷവർ എന്നിവയടങ്ങിയ അതിവിശാലമായ കേബിൻ ഈ ക്ലാസിൻ്റെ മാത്രം പ്രത്യേകതയാണ്. ശീതകാലത്ത് 6,040 ഡോളർ മുതലും വേനൽക്കാലത്ത് 7,592 ഡോളർ മുതലുമാണ് ഈ വിഐപി കോച്ചിൻ്റെ നിരക്കുകൾ ആരംഭിക്കുന്നത്. തുക അല്പം കൂടുതലാണെങ്കിലും, റോഡുമാർഗ്ഗമോ വിമാനത്തിലോ പോയാൽ കാണാൻ കഴിയാത്ത കാനഡയുടെ യഥാർത്ഥ വന്യഭംഗി തൊട്ടടുത്ത് കാണാമെന്നതാണ് ഇതിൻ്റെ ആകർഷണം. നിലവിൽ റഷ്യയുടെ 'ട്രാൻസ്-സൈബീരിയൻ എക്സ്പ്രസ്' മാത്രമാണ് ദൈർഘ്യത്തിൽ ഈ ട്രെയിനിനേക്കാൾ മുന്നിലുള്ളത്