കാരുണ്യത്തിന്റെ ചിറകിലേറി അമേരിക്കയില്‍; സ്‌നേഹത്തിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞു സജി കൊട്ടാരക്കര

By: 600002 On: Aug 17, 2026, 10:06 AM

 

പി പി ചെറിയാന്‍

ഡാളസ്: സേവനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സന്ദേശവുമായി അമേരിക്കന്‍ മണ്ണില്‍ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സജി കൊട്ടാരക്കര. കടുത്ത ആരോഗ്യ പ്രതിസന്ധികളെയും ദുരിതങ്ങളെയും അതിജീവിച്ച്, തനിക്ക് ലഭിച്ച ജീവിതം മറ്റുള്ളവര്‍ക്കായി മാറ്റിവെച്ച ഇദ്ദേഹത്തിന്റെ യാത്ര പ്രവാസികളായ മലയാളികള്‍ക്കും വലിയൊരു പ്രചോദനമായിരിക്കുകയാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ & എഡ്യൂക്കേഷന്‍ സെന്ററും  ചേര്‍ന്ന് സംഘടിപ്പിച്ച  സന്നദ്ധ രക്തദാന ക്യാമ്പും കേരള  ലിറ്റററി സൊസൈറ്റി ഓഫ് ഡാളസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിലും (ഓഗസ്റ്റ് 15) പങ്കെടുക്കുന്നതിനെത്തിയ സജി തന്റെ തിക്തമായ ജീവിതാനുഭവം യോഗത്തില്‍ പങ്കുവെച്ചു

ഒന്നര വയസ്സില്‍ വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വരികയും, ഒരുകാലത്ത് എഴുന്നേറ്റുനില്‍ക്കാന്‍ പോലും കഴിയാത്തവിധം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. എന്നാല്‍, കഠിനാധ്വാനത്തിലൂടെയും കൂട്ടായ്മകളുടെയും പ്രാര്‍ത്ഥനയുടെയും പിന്തുണയോടെയും ആരോഗ്യം വീണ്ടെടുത്ത് ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാനും വിദേശയാത്രകള്‍ നടത്താനും കഴിയുന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. ഒരുകാലത്ത് വിമാനത്താവളത്തിന്റെ പടിവാതില്‍ക്കല്‍ എത്താന്‍ പോലും കഴിയുമോ എന്ന് സംശയിച്ച ജീവിതത്തില്‍ നിന്നാണ് ഇന്ന് അമേരിക്കയിലേക്കുള്ള രണ്ടാം വരവ് എന്നതും ഏറെ ശ്രദ്ധേയമാണ്.

തനിക്ക് ലഭിച്ച ജീവിതവും ആരോഗ്യവും തനിക്കുവേണ്ടി മാത്രം ഉപയോഗിക്കാതെ, സമൂഹത്തിലെ അര്‍ഹതപ്പെട്ടവര്‍ക്കായി നീക്കിവെക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ മാസവും മുപ്പത്തിനാലോളം കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു നല്‍കാനും, ഡയാലിസിസ് രോഗികള്‍ക്ക് കൈത്താങ്ങാകാനും ഈ ചെറിയ സംരംഭത്തിലൂടെ സാധിക്കുന്നുണ്ട്. 'ഞാന്‍ എനിക്കുവേണ്ടി മാത്രം ജീവിച്ചാല്‍ വളരുന്നത് ഞാന്‍ മാത്രമായിരിക്കും, എന്നാല്‍ ജീവിതത്തില്‍ നിന്ന് അല്പമെങ്കിലും മറ്റൊരാളിലേക്ക് പകരാന്‍ കഴിഞ്ഞാല്‍ സമൂഹത്തില്‍ മാറ്റമുണ്ടാക്കാം' എന്ന ലളിതമായ തത്വമാണ് ഈ കര്‍മ്മനിരതമായ ജീവിതത്തിന് പിന്നില്‍.

വരാനിരിക്കുന്ന കാലത്ത് കുറഞ്ഞത് ഇരുപത് കുടുംബങ്ങള്‍ക്കെങ്കിലും സ്വന്തമായി ഒരു വീട് യാഥാര്‍ത്ഥ്യമാക്കി കൊടുക്കുക എന്ന വലിയൊരു സ്വപ്നവും ഇദ്ദേഹത്തിന്റെ മനസ്സിലുണ്ട്.നിരവധി സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച സ്‌നേഹവും പിന്തുണയും ജീവിതത്തിലെ വലിയ സമ്പാദ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് സ്‌നേഹം മാത്രം കൈമുതലായി മുന്നോട്ടുപോകുന്ന ഈ മാതൃകാപരമായ ജീവിതയാത്ര ചുറ്റുമുള്ളവര്‍ക്കും വലിയൊരു പാഠമാണ് നല്‍കുന്നത്.