കാനഡയിലെ നികുതി വ്യവസ്ഥയിൽ നിർണ്ണായക പരിഷ്കാരങ്ങൾ വരുത്താൻ ഒരുങ്ങി ഫെഡറൽ സർക്കാർ. വരാനിരിക്കുന്ന 'ഫാൾ ബജറ്റിൽ' ചെറുകിട സംരംഭങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനുമാണ് ഈ നീക്കം.
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഘട്ടംഘട്ടമായിട്ടായിരിക്കും നികുതി ഇളവുകളും പരിഷ്കാരങ്ങളും നടപ്പിലാക്കുക. കാനഡ റവന്യൂ ഏജൻസിയുടെ (CRA) ചുമതലയുള്ള സ്റ്റേറ്റ് സെക്രട്ടറി വെയ്ൻ ലോങ് ആണ് നികുതി വ്യവസ്ഥ കൂടുതൽ ലളിതമാക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത്. യു.എസ് താരിഫ് നയങ്ങൾ സൃഷ്ടിച്ച ആഘാതത്തിന് ശേഷം രാജ്യത്തേക്ക് കൂടുതൽ അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള പദ്ധതികളുടെ രണ്ടാം ഘട്ടമായിരിക്കും വരാനിരിക്കുന്ന ബജറ്റെന്ന് വെയ്ൻ ലോങ് വ്യക്തമാക്കി.
കുറഞ്ഞ വരുമാന പരിധിയിലുള്ളവരുടെ നികുതി വെട്ടിക്കുറച്ചതും, പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള തുക ഉടനടി എഴുതിത്തള്ളാൻ അനുവദിച്ചതും ഇതിനകം സർക്കാർ നടപ്പിലാക്കിയ ഇളവുകളിൽ ചിലതാണ്. അടുത്ത വർഷം മുതൽ ഓട്ടോമാറ്റിക് ടാക്സ് ഫയലിങ് രീതി പരീക്ഷിക്കാനും പദ്ധതിയുണ്ട്. നിലവിലെ നികുതി സമ്പ്രദായം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തളർത്തുകയാണെന്നും പൂർണ്ണമായ അഴിച്ചുപണി വേണമെന്നുമാണ് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നിലപാട്. ചെറുകിട ബിസിനസുകൾക്കുള്ള നികുതിയുടെ താഴ്ന്ന പരിധി 700,000 ഡോളറായി ഉയർത്തണമെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് ബിസിനസ് (CFIB) തലവൻ ഡാൻ കെല്ലി ആവശ്യപ്പെട്ടു.
1980-കളിൽ ബ്രയാൻ മുൽറോണിയുടെ ഭരണകാലത്താണ് കാനഡയിൽ അവസാനമായി വൻതോതിലുള്ള നികുതി പരിഷ്കരണവും ജി.എസ്.ടിയും നടപ്പിലാക്കിയത്. പതിറ്റാണ്ടുകളായി തുടരുന്ന സങ്കീർണ്ണമായ നികുതി രീതികളിൽ നിന്ന് ഇത്തവണ ചെറുകിട സംരംഭകർക്ക് യഥാർത്ഥ ആശ്വാസം ലഭിക്കുമോ എന്ന് ബജറ്റിലൂടെ വ്യക്തമാകും.