ശസ്ത്രക്രിയക്കായി രണ്ട് വർഷത്തിലേറെ കാത്തിരിക്കേണ്ടി വന്നതിനെ തുടർന്ന് വിദേശത്ത് ചികിത്സ തേടിയ കൗമാരക്കാരിയുടെ കുടുംബം കനേഡിയൻ സർക്കാരിനെതിരെ നിയമപോരാട്ടത്തിന്. അമേരിക്കയിൽ നടത്തിയ ശസ്ത്രക്രിയക്ക് ചെലവായ തുക (ഏകദേശം 200,000 കനേഡിയൻ ഡോളർ) തിരികെ ലഭിക്കണമെന്നും, ചികിത്സ വൈകിയത് കാരണം പെൺകുട്ടിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ആരോപിച്ചാണ് ആൽബർട്ട സ്വദേശിയായ വിഎന്ന പെഡറ്റല്ല എന്ന കൗമാരക്കാരിയും കുടുംബവും കോടതിയെ സമീപിച്ചത്.
2021-ൽ 13-ാം വയസ്സിലാണ് വിഎന്നയ്ക്ക് നട്ടെല്ല് വളയുന്ന അസുഖമായ 'ഇഡിയോപ്പതിക് സ്കോളിയോസിസ്' സ്ഥിരീകരിക്കുന്നത്. കാനഡയിൽ ശസ്ത്രക്രിയ ലഭിക്കാൻ രണ്ട് വർഷത്തിലധികം കാത്തിരിക്കണമെന്ന് അധികൃതർ അറിയിച്ചു. അതിനിടയിൽ പെൺകുട്ടിയുടെ അവസ്ഥ ഗുരുതരമാകുകയും നട്ടെല്ലിൻ്റെ വളവ് 40 ഡിഗ്രിയിൽ നിന്ന് 67 ഡിഗ്രിയായി വർദ്ധിച്ച് കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തു.
കാത്തിരുന്നാൽ രോഗം കൂടുതൽ വഷളാക്കുമെന്ന് മനസ്സിലാക്കിയ കുടുംബം 2025 ഓഗസ്റ്റിൽ അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള ആശുപത്രിയിൽ എത്തിച്ച് 'ആൻ്റീരിയർ സ്കോളിയോസിസ് കറക്ഷൻ' എന്ന അത്യാധുനിക ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇതിനായി 199,074 കനേഡിയൻ ഡോളറാണ് കുടുംബത്തിന് ചെലവായത്. വിദേശ ചികിത്സാ ഫണ്ടിനായി കുടുംബം അപേക്ഷിച്ചെങ്കിലും, കാനഡയിൽ തന്നെ ശസ്ത്രക്രിയക്കായി കാത്തിരിക്കാമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ആൽബർട്ടയിലെ ഹെൽത്ത് സർവീസ് കമ്മിറ്റി അപേക്ഷ തള്ളി.
കാനഡ കോൺസ്റ്റിറ്റ്യൂഷൻ ഫൗണ്ടേഷൻ്റെ (CCF) പിന്തുണയോടെയാണ് കുടുംബം ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചികിത്സ വൈകിക്കുന്നത് പൗരൻ്റെ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനാ അവകാശത്തിൻ്റെ ലംഘനമാണെന്നാണ് ഹർജിയിലെ പ്രധാന വാദം. നിലവിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിഎന്ന ആരോഗ്യനില വീണ്ടെടുക്കുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്. ഈ കേസിൽ 2027-ൽ കോടതി അന്തിമ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.