കാനഡയിൽ പഠനവിസയിലെത്തി സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യവേ ഇറച്ചി വില കുറച്ചു നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഇന്ത്യൻ വിദ്യാർത്ഥിയായ ജിൻസ് ജോസഫ് കോടതിയെ സമീപിച്ചു. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ പഠനവിസ പുതുക്കാൻ കഴിയില്ലെന്നും കാനഡയിൽ നിന്ന് നാടുകടത്തപ്പെടാൻ സാധ്യതയുണ്ടെന്നും കാണിച്ചാണ് ന്യൂഫൗണ്ട്‌ലാൻഡിലെ കോടതിയിൽ ജിൻസ് ഇളവിനായി അപേക്ഷിച്ചത്.
കോർണർ ബ്രൂക്കിലെ 'ഡൊമിനിയൻ' എന്ന സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യവേ, ഇറച്ചിയുടെ ലേബലുകൾ മാറ്റി കുറഞ്ഞ വിലയുടെ ലേബലുകൾ പതിപ്പിച്ച് കച്ചവടം നടത്തുകയും തനിക്കും സുഹൃത്തുക്കൾക്കും ജീവനക്കാർക്കുമായി 2,700 കനേഡിയൻ ഡോളറിൻ്റെ തട്ടിപ്പ് നടത്തുകയും ചെയ്തു എന്നതാണ് കേസ്. ജൂലൈ 24-ന് 5,000 ഡോളറിൽ താഴെയുള്ള എട്ട് തട്ടിപ്പ് കേസുകളിലും ഒരു മോഷണക്കേസിലും ജിൻസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
സെപ്റ്റംബർ 30-ന് പഠനവിസയുടെ കാലാവധി അവസാനിക്കാനിരിക്കെ, കേസിൽ ശിക്ഷ ലഭിച്ചാൽ വിസ പുതുക്കി നൽകില്ലെന്നും അഞ്ച് വർഷത്തേക്ക് രാജ്യത്തേക്ക് വരുന്നതിന് വിലക്കുണ്ടാകുമെന്നും ജിൻസിൻ്റെ അഭിഭാഷകൻ അഡം ക്രോക്കർ വാദിച്ചു. പഠനത്തിനായി ഇതുവരെ 1,00,000 ഡോളറോളം ചെലവഴിച്ചെന്നും നാടുകടത്തപ്പെട്ടാൽ ബിരുദ പഠനം പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ജിൻസ് കോടതിയെ അറിയിച്ചു. സൂപ്പർമാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കുറ്റം തെളിയിക്കപ്പെട്ടത്. എന്നാൽ തന്നോടുള്ള വ്യക്തിവൈരാഗ്യം മൂലമാണ് മാനേജ്‌മെൻ്റ് കേസ് കൊടുത്തതെന്നും, നിർദ്ധനരായ ആളുകളെ സഹായിക്കാനാണ് അനുമതിയോടെ വിലക്കുറവ് നൽകിയതെന്നുമാണ് ജിൻസ് കോടതിയിൽ വാദിച്ചത്.
ജിൻസിന് 5 മുതൽ 6 മാസം വരെ നിരീക്ഷണ തടവും തുടർന്ന് 12 മാസത്തെ പ്രൊബേഷനും നൽകണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് കോടതി മാറ്റിവെച്ചിട്ടുണ്ട്. ക്രിമിനൽ ശിക്ഷ നാടുകടത്തലിലേക്ക് നയിച്ചേക്കാമെങ്കിലും ഇമിഗ്രേഷൻ അതോറിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്ന് ജഡ്ജി വ്യക്തമാക്കി.