അകലെനിന്നൊരു പ്രണാമം: ദാസേട്ടനും ഡാളസിലെ പ്രവാസി മലയാളികളും 

By: 600002 On: Aug 15, 2026, 2:39 PM



 

സണ്ണി മാളിയേക്കല്‍

അമേരിക്കയിലെ നാല് സമയമേഖലകളിലായി ചിതറിക്കിടക്കുന്ന പ്രവാസി മലയാളികള്‍ക്ക് ടെക്‌സസിലെ ഡാളസ് എന്ന് കേള്‍ക്കുമ്പോള്‍ എന്നും പ്രത്യേകമൊരു വികാരമാണ്. കാരണം മറ്റൊന്നുമല്ല; നമ്മുടെ സ്വന്തം ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസ്  പ്രിയപ്പെട്ട ദാസേട്ടന്‍  വര്‍ഷങ്ങളായി താമസിക്കുന്നത് ഈ നഗരത്തിലാണ് എന്നത് ഏതൊരു മലയാളിയിലും വലിയ അഭിമാനമുണര്‍ത്തുന്നു. എന്നാല്‍, ആ അഭിമാനത്തോടൊപ്പം തന്നെ വളരെ സങ്കടകരമായ വേറൊരു ചോദ്യവും ഇന്ന് ഡാളസിലെ മലയാളികള്‍ക്കിടയില്‍ ഉയരുന്നുണ്ട്: 'ദാസേട്ടന്‍ തൊട്ടടുത്ത് ഡാളസിലുണ്ടായിട്ടും, അദ്ദേഹത്തെ നെഞ്ചിലേറ്റുന്ന സാധാരണക്കാര്‍ക്ക് എന്തുകൊണ്ടാണ് അദ്ദേഹത്തെ ഒന്നു കാണാന്‍ പോലും കഴിയാത്തത്?'

പ്രഭാതത്തിലെ ഭക്തിഗാനങ്ങള്‍ മുതല്‍ രാത്രിയിലെ താരാട്ടുപാട്ടുകള്‍ വരെ, മലയാളി ജീവിതത്തിന്റെ എല്ലാ വൈകാരിക മുഹൂര്‍ത്തങ്ങളിലും കൂടെയുള്ള ശബ്ദമാണ് ദാസേട്ടന്റേത്. ആയിരക്കണക്കിന് മൈലുകള്‍ അകലെ കഴിയുന്ന പ്രവാസികള്‍ക്ക് ആ ശബ്ദം വെറുമൊരു പാട്ടല്ല, സ്വന്തം നാടിന്റെ ഗന്ധവും മനോഹരമായ ഓര്‍മ്മകളുമാണ്. അങ്ങനെയൊരു മഹാഗായകന്‍ തങ്ങള്‍ ജീവിക്കുന്ന നഗരത്തിലുണ്ടെന്നത് വലിയ ഭാഗ്യമാണെങ്കിലും, സാധാരണക്കാരായ പ്രവാസികള്‍ക്ക് ആ ഭാഗ്യം ഇന്നും അകലെനിന്നുള്ള ഒരഭിമാനം മാത്രമായി ഒതുങ്ങിനില്‍ക്കുകയാണ്.

സോഷ്യല്‍ മീഡിയ തുറക്കുമ്പോഴൊക്കെ പ്രമുഖരായ സിനിമാ താരങ്ങളും രാഷ്ട്രീയ-സാമൂഹിക നേതാക്കളും ദാസേട്ടന്റെ വീട സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ നിരന്തരം കാണാറുണ്ട്. പ്രശസ്തരും വിശിഷ്ട വ്യക്തികളും അദ്ദേഹത്തോടൊപ്പം ഓര്‍മ്മകള്‍ പങ്കുവെക്കുന്നതില്‍ പ്രവാസികള്‍ക്ക് ഏറെ സന്തോഷമുണ്ട്. എന്നാല്‍, ദാസേട്ടന്റെ പാട്ടുകള്‍ കേട്ടു വളര്‍ന്ന സാധാരണക്കാരായ മലയാളികളുടെ മനസ്സില്‍ ചെറിയൊരു നിരാശയും നിസ്സഹായതയും ബാക്കിയാവുന്നു.

'ഞങ്ങളുടെ അളവറ്റ സ്‌നേഹം എന്തുകൊണ്ട് അദ്ദേഹത്തിലേക്ക് എത്തുന്നില്ല?' എന്ന ചോദ്യമാണ് അവിടെയൊക്കെ ഉയരുന്നത്.

ദാസേട്ടന്റെ ഒരു പാട്ടെങ്കിലും കേള്‍ക്കാതെ ഒരു ദിവസം പോലും കടന്നുപോകാത്ത ആയിരക്കണക്കിന് സാധാരണക്കാരുണ്ട് ഡാളസില്‍. അദ്ദേഹത്തെ അടുത്തുനിന്ന് കാണാനും, രണ്ടു വാക്ക് സംസാരിക്കാനും, ഒരു ഫോട്ടോ എടുക്കാനും ആഗ്രഹിക്കുന്നത് പണത്താലോ പദവികളാലോ അളക്കേണ്ട ഒന്നല്ല; ഒരു സാധാരണ ആരാധകന്റെ ഹൃദയം നിറഞ്ഞ സ്വാഭാവികമായ ആഗ്രഹം മാത്രമാണ്. പ്രമുഖര്‍ക്ക് സൗകര്യപൂര്‍വ്വം വീട്ടിലെത്തി കാണാന്‍ അവസരം ലഭിക്കുമ്പോള്‍, സാധാരണക്കാരന് ഒരു പൊതുവേദിയില്‍ പോലും അദ്ദേഹത്തെ കാണാന്‍ കഴിയാതെ പോകുന്നത് സ്വാഭാവികമായും ഇത്തരം കുഞ്ഞു പരിഭവങ്ങള്‍ക്ക് കാരണമാകുന്നു.

ഇത് ദാസേട്ടനെ കുറ്റപ്പെടുത്താനോ അദ്ദേഹത്തിന്റെ സ്വകാര്യതയേയും ആരോഗ്യത്തെയും ചോദ്യം ചെയ്യാനോ ഉള്ള ശ്രമമല്ല. അദ്ദേഹത്തിന്റെ പ്രായവും വിശ്രമവും പൂര്‍ണ്ണമായും ബഹുമാനിക്കപ്പെടേണ്ടതാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എങ്കിലും, പതിറ്റാണ്ടുകളായി ആ ശബ്ദത്തെ ജീവനുതുല്യം സ്‌നേഹിക്കുന്ന സാധാരണക്കാരുടെ വികാരങ്ങളും കാണാതെ പോകരുത്.

വലിയ വേദിയോ ആയിരക്കണക്കിന് ആളുകളോ ഇല്ലാതെ, ഡാളസില്‍ വളരെ ചെറിയൊരു ആരാധകസംഗമം സംഘടിപ്പിക്കാന്‍ സാധിച്ചാല്‍ അത് പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമാകും. അദ്ദേഹത്തെ ജീവനുതുല്യം സ്‌നേഹിക്കുന്ന കുറച്ച് സാധാരണ മലയാളികള്‍ക്ക് മുന്നില്‍ ദാസേട്ടന്‍ കുറച്ചു നിമിഷങ്ങള്‍ ഇരുന്നാല്‍, ആ ഒരു വാക്ക് കേള്‍ക്കാന്‍, ആ പുഞ്ചിരി നേരിട്ടു കാണാന്‍ കഴിയുമെങ്കില്‍, അത് അവര്‍ക്ക് ജീവിതകാലം മുഴുവന്‍ സൂക്ഷിക്കാവുന്ന അമൂല്യമായ ഓര്‍മ്മയായിരിക്കും.

നിങ്ങള് ഞങ്ങളില്‍നിന്ന് അകലെയല്ല, ഞങ്ങളുടെ സ്വന്തം ഡാളസിലുണ്ട്. പക്ഷേ, നിങ്ങളെ നെഞ്ചിലേറ്റുന്ന ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് നിങ്ങള് ഇന്നും ഒരുപാട് അകലെയാണ്. നിങ്ങളോടുള്ള അതിരറ്റ സ്‌നേഹം കൊണ്ടുമാത്രമാണ് ഈ ചെറിയ പരിഭവം. നിങ്ങളുടെ പാട്ടുകള്‍ ഞങ്ങളുടെ വീടുകളിലും ബാല്യത്തിലും പ്രണയത്തിലും പ്രാര്‍ത്ഥനകളിലും എപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. ഇനി ഒരിക്കലെങ്കിലും ഞങ്ങള്‍ക്ക് നിങ്ങളുടെ അരികിലെത്താന്‍ കഴിയട്ടെ...

ഈ ഓണക്കാലത്ത് ഡാളസിലെയും ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെയും പേരില്‍ ഹൃദയം നിറഞ്ഞ ഓണാശംസകള്‍! സര്‍വ്വേശ്വരന്‍ നിങ്ങള്‍ക്ക് ആയുരാരോഗ്യവും സമാധാനവും നല്‍കി അനുഗ്രഹിക്കട്ടെ.

അകലെനിന്ന് പ്രണാമം അര്‍പ്പിച്ചുകൊണ്ട്  ഒരിക്കലെങ്കിലും അടുത്തുനിന്ന് കാണാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ...