മഹാഓണത്തിന് ടൊറന്റോ ഒരുങ്ങി; ലീഡേഴ്‌സ് പരേഡ് മുതല്‍ മിസ് കേരളം കാനഡ വരെ; രാവിനഴകേകാന്‍ ഫ്രാങ്കോയും

By: 600002 On: Aug 15, 2026, 2:25 PM



 
 
ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ നഗരം ഓഗസ്റ്റ് 15 ശനിയാഴ്ച കണ്‍തുറക്കുന്നത് വടക്കന്‍ അമേരിക്കയിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യന്‍ ആഘോഷങ്ങളിലൊന്നായി മാറിയ മഹാഓണത്തിലേക്ക്; അതും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാത്തിന്റെകൂടി തിളക്കത്തില്‍. ലെവിറ്റേറ്റ് എന്റെര്‍ടെയ്ന്‍മെന്റ് ഒരുക്കുന്ന മഹാഓണത്തിന്റെ മൂന്നാമത് എഡിഷന്‍ വ്യത്യസ്തമായ പരിപാടികള്‍ക്കൊണ്ടുകൂടി ശ്രദ്ധയാകര്‍ഷിക്കും. കലാവിരുന്നുമായി കലാസംഘങ്ങളും വ്യത്യസ്ത രുചികളുമായി റസ്റ്ററന്റ് ശൃംഖലകളും ആഘോഷത്തിന് പൊലിമയേകും.
 
രാവിലെ 11ന് ആഘോഷത്തിന് കൊടിയേറുന്നത് ഗ്രേറ്റ് ഇന്ത്യന്‍ ലീഡേഴ്‌സ് പരേഡോടുകൂടിയാണ്. ദേശീയ നേതാക്കളുടെ കുട്ടിരൂപങ്ങളാകും പരേഡിന് പകിട്ടേകുക. ഏറ്റവും മികച്ച വേഷത്തിലെത്തി കാണികളുടെ മനംകവരുന്ന കുട്ടിനേതാവിനെ കാത്തിരിക്കുന്നത്  222 ഡോളര്‍ സമ്മാനമാണ്. രണ്ടാം സ്ഥാനക്കാര്‍ക്ക് 111 ഡോളര്‍ ലഭിക്കും. പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം മെഡല്‍ ലഭിക്കും. വിധി നിര്‍ണയത്തിനായി എത്തുന്നവരില്‍ കാനഡയിലെ പ്രമുഖരുമുണ്ടാകും.
 
വാല്‍ക്കണ്ണാടി കൈകൊട്ടുസംഘമാണ് ഓണാഘോഷത്തിന്റെ പ്രഭയിലേക്ക് മഹാഓണത്തെ കൈപിടിച്ചുകൂട്ടിക്കൊണ്ടുപോകുക. പിന്നാലെ ഡി തിയറ്റേഴ്‌സ്, ദ് കേഡന്‍സ്, ആദ്യ ഡാന്‍സ് അക്കാദമി, സാത്വിക, സാന്റാര്‍ട്‌സ് ഡാന്‍ അക്കാമദി, പ്രിമ ഡാന്‍സ് സ്‌കൂള്‍, ടീം കനേഡിയന്‍ ലയണ്‍സ് ഹെവന്‍ ഇന്‍ എ ടീസ്പൂണ്‍, ദ് ഹോപ്പേഴ്‌സ് സ്‌ക്വാഡ് കലാസംഘങ്ങളെത്തും.
 
രണ്ടു മുതല്‍ നാലു മണിവരെ സ്പാര്‍ക്‌ളിങ് മെര്‍മെയ്ഡ്‌സ്, ഡാന്‍സിങ് ദീവാസ്, ദ് ഹൈബ്രിഡ് ലാബ്, നൃത്യപാദം, ദുര്‍ഹം ഫ്‌ളെയിംസ്, റിഥം റോസസ് എന്നിവരാണ് കലാവിരുന്നൊരുക്കുക. തുടര്‍ന്ന് കലാധരന്‍ ട്രെഡിഷനല്‍ ഡ്രംസ് അക്കാദമിയുടെ പഞ്ചാരി മേളക്കോടെ മഹാഓണാഘോഷം കൊട്ടിക്കയറും. വിവിധ മലയാളി കൂട്ടായ്മകള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക ഘോഷയാത്രയ്‌ക്കൊടുവില്‍ പൊതുസമ്മേളനം നടക്കും.
 
ഫ്‌ളാഷ് മോബിന് പിന്നാലെ നടക്കുന്ന മിസ് കേരളം കാനഡ പട്ടത്തിനായുള്ള സൗന്ദര്യമല്‍സരമാണ് മഹാഓണത്തിന്റെ മൂന്നാം സീസണിലെ മറ്റൊരു പ്രത്യേകത. മലയാളി വനിതകള്‍ക്കായി സൗന്ദര്യവും സംസ്‌കാരവും ആത്മവിശ്വാസവുമെല്ലാം ഒത്തുചേരുന്ന റാംപാണ് സംഘാടകര്‍ ഒരുക്കുന്നത്. വിജയകിരീടമണിയുന്നവരെ കാത്തിരിക്കുന്നത് 501 ഡോളറാണ്. ട്രോഫികളുമുണ്ടാകും.
 
മുതിര്‍ന്നവരുടെ സംഘത്തിനും മഹാഓണത്തില്‍ സജീവമാകാന്‍ അവസരമുണ്ട്. സാസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 666.66, 333.33, 111.11 ഡോളറാണ് സമ്മാനമായി ലഭിക്കുക.
 
രാവേറെ നീളുന്ന മഹാഓണത്തിനെ പുതുതലമുറ വരവേല്‍ക്കാന്‍ കാരണമായതില്‍ അടിപൊളി കലാപരിപാടികളും ഡിജെയുമെല്ലാമുണ്ട്. ഇക്കുറി ഡിഡിഎ കാനഡ, ഷീ സ്ട്രീറ്റ്, ജോഷ് ഡാന്‍സ് ക്രൂ,  നൃത്യതി പെര്‍ഫോമിങ് ആര്‍ട്‌സ്, ലെഗാറ്റോ സ്ട്രിങ്‌സ്, തംറിക, മുദ്ര ഡാന്‍സ് സ്റ്റഡിയോ, ജെലോഫ്റ്റ്, ഡാസ്ലേഴ്‌സ് എന്നിവരും പാട്ടും നൃത്തവും മേളവുമെല്ലാമായെത്തും.
 
വല്ലാടന്‍സ് ലൈവാണ് കലാശക്കൊട്ടായി മാറുന്ന ഡിജെ ഒരുക്കുന്നത്. അതിനു മുന്നോടിയായി വൈകിട്ട് എട്ടിന് ഗായകന്‍ ഫ്രാങ്കോ സൈമണിന്റെ സാന്നിധ്യമാകും മഹാഓണത്തിന്റെ വേദിയെ ഇത്തവണ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. തൊണ്ണൂറുകളുടെ തലമുറ മുതല്‍ പുതുതലമുറ വരെ മൂളിപ്പാടുന്ന പാട്ടികളുടെ ശേഖരമാണ് ഫ്രാങ്കോയെ കേള്‍ക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആവേശമേകുന്നത്.  ഇവിടെനിന്നുള്ള ഗായകരായ ഹരിതയും അനുവും ഫ്രാങ്കോയ്‌ക്കൊപ്പം പാടും.
 
ചെണ്ടമേളവും സംഗീത-നൃത്തകലാപരിപാടികളും ഡിജെയുമെല്ലാമായി വടക്കന്‍ അമേരിക്കയിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യന്‍ ആഘോഷങ്ങളിലൊന്നായി മാറിക്കഴിഞ്ഞ 'മഹാഓണം', ടൊറന്റോ സിറ്റിയുടെ കണക്കുകള്‍പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും നഗരം കണ്ട ഏറ്റവും വലിയ പരിപാടികളിലൊന്നായിരുന്നു മഹാഓണം. സാങ്കോഫ സ്‌ക്വയര്‍ എന്നറിയിപ്പെടുന്ന യങ് ആന്‍ഡ് ഡണ്ടാസ് സ്‌ക്വയറിലെ ഏറ്റവും വലിയ പരിപാടിയുമായിരുന്നു. സിറ്റിയുടെ കൂടെ സഹകരണത്തോടെയാണ് ഇക്കുറിയും മഹാഓണം അരങ്ങേറുക.   പന്ത്രണ്ട് മണിക്കൂറോളം നീളുന്ന കലാ-സാംസ്‌കാരിക പരിപാടികള്‍ക്കു പുറമെ ഒട്ടേറെ ചെണ്ട കലാകാരന്മാര്‍ നിറഞ്ഞ മേളമായിരുന്നു ആദ്യ വര്‍ഷത്തെ പ്രധാന ആകര്‍ഷണം. കഴിഞ്ഞവര്‍ഷം നാട്ടില്‍നിന്നും റോബോട്ടിക് കരിവീരനെ എത്തിച്ചതിലൂടെയാണ് ശ്രദ്ധയാകര്‍ഷിച്ചത്. വിവിധ സംഘടനകള്‍ക്കായി ഒരുക്കിയ സാംസ്‌കാരിക ഘോഷയാത്രയും പ്രത്യേകതയായി. മഹാകൊമ്പന്‍  ഇത്തവണ പടിപ്പുരവാതില്‍ക്കല്‍ തന്നെയുണ്ടാകും, അതിഥികളെ വരവേല്‍ക്കാന്‍.
 
ഇത്തരം ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനായി ഒരുക്കിയിട്ടിരിക്കുന്ന സങ്കോഫ സ്‌ക്വയറില്‍ മെച്ചപ്പെട്ട രീതീയിലാകും ഇക്കുറിയും മഹാഓണത്തിന്റെ വിഭവങ്ങളൊരുക്കുന്നതെന്ന് മുഖ്യസംഘാടകന്‍ ജെറിന്‍ രാജ് പറഞ്ഞു. കാനഡയിലെ വിവിധ പ്രവിശ്യകളില്‍ നിന്നും അമേരിക്കന്‍ അതിര്‍ത്തിയിലെ നഗരങ്ങളില്‍ നിന്നുമൊക്കെ കലാകാരന്മാരും കാഴ്ചക്കാരുമൊക്കെ എത്തുമെന്ന പ്രതീക്ഷയിലുമാണ്.

മഹാഓണത്തിന് പ്രവേശനം സൗജന്യമാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മഹാഓണത്തിന്റെ ദൃശ്യ വിരുന്ന് ആസ്വദിക്കാന്‍ വിവിധ മാധ്യമങ്ങള്‍ ലൈവ് സംപ്രേഷണം നടത്തുന്നുണ്ട്.