അമേരിക്കയിലെ ഫീനിക്സിൽ ഒരേ ഫ്ലൈറ്റ് നമ്പറുമായി പറന്ന രണ്ട് വിമാനങ്ങൾ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എയർ ട്രാഫിക് കൺട്രോളറുടെ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. അമേരിക്കൻ എയർലൈൻസിൻ്റെ 2482 എന്ന ഫ്ലൈറ്റ് നമ്പറിലാണ് ഇരു വിമാനങ്ങളും ഒരേസമയം ആകാശത്ത് പറന്നത്.
ചിക്കാഗോയിൽ നിന്നുള്ള വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് വൈകിയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഈ വിമാനം എത്തുന്നതിന് മുൻപ് തന്നെ ഇതേ ഫ്ലൈറ്റ് നമ്പറിൽ ഫീനിക്സിൽ നിന്ന് മറ്റൊരു വിമാനം പുറപ്പെടാൻ എയർലൈൻസ് കമ്പനി അനുമതി നൽകുകയായിരുന്നു. ഇതോടെ ഒരേ എയർസ്‌പേസിൽ ഒരേ കോൾ സൈനിൽ രണ്ട് വിമാനങ്ങൾ എത്തുകയും കൂട്ടിയിടി ഭീഷണി ഉയരുകയും ചെയ്തു.
എന്നാൽ അപകടസാധ്യത മനസ്സിലാക്കിയ എയർ ട്രാഫിക് കൺട്രോളർ, വരുന്ന വിമാനത്തെയും പുറപ്പെടുന്ന വിമാനത്തെയും കൃത്യമായി തരംതിരിച്ച് പൈലറ്റുമാർക്ക് നിർദ്ദേശം നൽകി. ലാൻഡ് ചെയ്യാൻ വന്ന വിമാനത്തോട് മുകൾത്തട്ടിൽ തന്നെ തുടരാനും പുറപ്പെട്ട വിമാനത്തോട് കൂടുതൽ ഉയരത്തിലേക്ക് പറക്കരുതെന്നും ഇയാൾ നിർദ്ദേശിച്ചു. കൺട്രോളറുടെയും പൈലറ്റുമാരുടെയും ജാഗ്രത കാരണം ഇരു വിമാനങ്ങളും സുരക്ഷിതമായി യാത്ര തുടർന്നു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) അമേരിക്കൻ എയർലൈൻസും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.