ടൊറൻ്റോയിലെ പ്രധാന മാഫിയ തലവനായ വിൻസെൻസോ 'ജിമ്മി' ഡി മരിയയെ ഇറ്റലിയിലേക്ക് നാടുകടത്താനുള്ള കനേഡിയൻ സർക്കാരിൻ്റെ 42 വർഷം നീണ്ട നിയമപോരാട്ടത്തിന് വീണ്ടും തിരിച്ചടി. ജിമ്മി ഡി മരിയയ്ക്ക് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇമിഗ്രേഷൻ ആൻ്റ് റഫ്യൂജി ബോർഡ് സർക്കാരിൻ്റെ ഹർജി തള്ളി.
1955-ൽ മാതാപിതാക്കൾക്കൊപ്പമാണ് ഇറ്റലിയിൽ ജനിച്ച ഡി മരിയ കാനഡയിലെത്തുന്നത്. എന്നാൽ ഇയാൾക്ക് കനേഡിയൻ പൗരത്വം ലഭിച്ചിരുന്നില്ല. പണം തിരികെ നൽകാത്തതിനെത്തുടർന്ന് ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷയാണ് ഇതിന് തടസ്സമായത്. 1982-ൽ സെക്കൻ്റ് ഡിഗ്രി കൊലപാതക കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച ഇയാളെ നാടുകടത്താൻ 1984-ൽ തന്നെ ആദ്യ ഉത്തരവിറങ്ങിയെങ്കിലും നിയമപരമായ വഴികളിലൂടെ ഡി മരിയ അതിനെയെല്ലാം പ്രതിരോധിക്കുകയായിരുന്നു.
ഇറ്റലിയിലെ സംഘടിത കുറ്റകൃത്യ സംഘമായ 'എൻഡ്രാംഗെറ്റ'യുടെ ടൊറൻ്റോയിലെ പ്രധാന തലവനാണ് ഡി മരിയ എന്നാണ് പോലീസ് ആരോപിക്കുന്നത്. എന്നാൽ ഡി മരിയയ്ക്ക് മാഫിയയുമായോ പണം വെളുപ്പിക്കൽ കേസുമായോ ബന്ധമുണ്ടെന്ന് തെളിയിക്കാൻ പോലീസിനോ സർക്കാരിനോ കഴിഞ്ഞിട്ടില്ലെന്ന് ബോർഡ് വ്യക്തമാക്കി. സർക്കാരിൻ്റെ ആരോപണങ്ങൾ വെറും സംശയങ്ങൾ മാത്രമാണെന്നും ശക്തമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ തള്ളിയത്. ഇതോടെ ഡി മരിയയ്ക്ക് കാനഡയിൽ തന്നെ തുടർന്ന് ജീവിക്കാൻ വഴിയൊരുങ്ങി.