ഏഴ് സീറ്റർ കാറിൽ കുട്ടികളടക്കം 12 പേർ: നിയമലംഘനത്തിന് ഡ്രൈവർക്കെതിരെ 15 കേസുകൾ

By: 600110 On: Aug 15, 2026, 9:06 AM

 

ഒന്‍റാരിയോയിൽ ഏഴ് പേർക്ക് മാത്രം യാത്ര ചെയ്യാവുന്ന നിസ്സാൻ പാഥ്ഫൈൻഡർ എസ്‌.യു.വിയിൽ കുട്ടികളടക്കം 12 പേരെ കയറ്റി അപകടകരമായ രീതിയിൽ യാത്ര ചെയ്ത സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ഫെർഗസ് സ്വദേശിയായ 31-കാരനെതിരെയാണ് ഒന്‍റാരിയോ പ്രൊവിൻഷ്യൽ പോലീസ്  15 ഓളം വകുപ്പുകൾ ചുമത്തി കേസെടുത്തത്.

വാഹന ഇൻഷുറൻസ് കാലാവധി കഴിഞ്ഞെന്ന സംശയത്തെത്തുടർന്ന് ബുധനാഴ്ച ഉച്ചയോടെ പോലീസ് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് നിയമലംഘനം പുറത്തുവന്നത്. വാഹനം ഓടിച്ച ഡ്രൈവറെക്കൂടാതെ 11 യാത്രക്കാരാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ 16 വയസ്സിൽ താഴെയുള്ള എട്ട് കുട്ടികളും ഉണ്ടായിരുന്നു.

യാത്രക്കാരിലാരും സീറ്റ് ബെൽറ്റ് ധരിക്കുകയോ കുട്ടികൾക്ക് സുരക്ഷാ സീറ്റുകൾ ഉറപ്പാക്കുകയോ ചെയ്തിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. അശ്രദ്ധമായ ഡ്രൈവിംഗ്, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതിരിക്കൽ, ഇൻഷുറൻസില്ലാതെ വാഹനമോടിക്കൽ തുടങ്ങി 15 ഗുരുതരമായ ലംഘനങ്ങൾക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വാഹനത്തിലെ യാത്രക്കാരുടെ മുഴുവൻ ജീവനും അപകടത്തിലാക്കുന്ന രീതിയിലാണ് ഇയാൾ വണ്ടിയോടിച്ചതെന്ന് പോലീസ് കൂട്ടിച്ചേർത്തു.