ഹെൽത്ത് കാനഡയുടെ അനുമതി ലഭിച്ച ജീവൻരക്ഷാ മരുന്നുകൾ പോലും വിപണിയിലെത്തിക്കാൻ പ്രമുഖ മരുന്ന് കമ്പനികൾ മടിക്കുന്നതായി റിപ്പോർട്ട്. ഇതോടെ അത്യപൂർവ്വ രോഗങ്ങൾ ബാധിച്ച നിരവധി രോഗികളാണ് കാനഡയിൽ ദുരിതത്തിലായിരിക്കുന്നത്. അനുമതി പ്രക്രിയയിലെ നീണ്ട കാലതാമസം, ഉയർന്ന നിർമ്മാണച്ചെലവ്, ഇൻഷുറൻസ് വഴി പണം തിരികെ ലഭിക്കാനുള്ള ബുദ്ധിമുട്ടുകൾ എന്നിവയാണ് മരുന്നുകൾ വിപണിയിലെത്തിക്കുന്നതിൽ നിന്ന് കമ്പനികളെ പിന്നോട്ടടിക്കുന്നത്.
മിസിസാഗ സ്വദേശിയായ രുചി അംബികേ എന്ന നാലാം ഘട്ട വൃക്കരോഗിയുടെ അനുഭവം ഇതിനൊരു ഉദാഹരണമാണ്. 'IgA നെഫ്രോപതി' ബാധിച്ച ഇവർക്ക് നോവാർട്ടിസ് കമ്പനിയുടെ 'വാൻറാഫിയ' എന്ന മരുന്നായിരുന്നു പ്രതീക്ഷ. എന്നാൽ സാമ്പത്തിക ലാഭമില്ലെന്ന കാരണത്താൽ കമ്പനി കാനഡയിൽ മരുന്ന് വിതരണം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ലോകത്ത് ലഭ്യമാകുന്ന പുതിയ മരുന്നുകളിൽ വെറും 18 ശതമാനം മാത്രമാണ് കാനഡയിലെ രോഗികൾക്ക് നിലവിൽ ലഭിക്കുന്നത്. അമേരിക്കയിൽ ഇത് 90 ശതമാനത്തിന് മുകളിലാണ്. ഒരു പുതിയ മരുന്ന് സാധാരണക്കാർക്ക് ലഭ്യമാകാൻ കാനഡയിൽ ശരാശരി രണ്ടര വർഷത്തോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്.
ഈ പ്രതിസന്ധി പരിഹരിക്കാനായി ഫെഡറൽ സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നൽകിയിട്ടുണ്ടെങ്കിലും നടപടികൾ എന്ന് വേഗത്തിലാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കടുത്ത നിയന്ത്രണങ്ങളും കാലതാമസവും രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്നതിൽ വലിയ ആശങ്കയിലാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധരും ഡോക്ടർമാരും.