ആകാശത്തു വെച്ച് വിമാനത്തിൻ്റെ ജനൽ തകർന്ന് പുറത്തേക്ക് തെറിച്ചുപോകാൻ തുനിഞ്ഞ യാത്രികന് രക്ഷകനായി സഹയാത്രികൻ. കഴിഞ്ഞ മാസം ഗ്രീസിൽ നിന്ന് സർവീസ് നടത്തിയ റയാൻ എയർ വിമാനത്തിലാണ് എൻജിൻ തകരാറിനെ തുടർന്ന് വിൻഡോ തകർന്നത്. തുടർന്ന് വായുമർദ്ദ വ്യതിയാനത്തിൽ യാത്രക്കാരൻ പുറത്തേക്ക് വീഴാൻ പോയപ്പോൾ സഹയാത്രികൻ രക്ഷപ്പെടുത്തുകയായിരുന്നു. വൻ ദുരന്തമാണ് സഹയാത്രികൻ്റെ സമയോചിത ഇടപെടലിലൂടെ ഒഴിവായത്. ഈ സംഭവം അമേരിക്കൻ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അമേരിക്കൻ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം, ബോയിംഗ് 737-800 വിമാനത്തിന്റെ വലതുവശത്തെ എൻജിനിലെ ഫാൻ ബ്ലേഡ് വേർപെട്ടതാണ് അപകടത്തിന് കാരണമായത്. എൻജിനിൽ നിന്ന് അതിവേഗത്തിൽ പുറത്തേക്ക് തെറിച്ച ലോഹക്കഷണങ്ങൾ വിമാനത്തിന്റെ ഫ്യൂസ്‌ലേജിലും ജനലിലും ശക്തമായി പതിക്കുകയായിരുന്നു. എൻജിനുള്ളിൽ പക്ഷികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും, വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ പക്ഷി ഇടിച്ചതാകാം ബ്ലേഡ് തകരാൻ ഇടയാക്കിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ മുൻനിർത്തി, അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം ഗ്രീസ് ഭരണകൂടം അമേരിക്കൻ ഏജൻസിയായ എൻ.ടി.എസ്.ബിക്ക് കൈമാറി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 61-കാരനായ യാത്രക്കാരനെ വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ നൽകി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വായുമർദ്ദം കുറഞ്ഞതിനെ തുടർന്ന് വിമാനം ഗ്രീസിലെ തെസ്സലോനിക്കി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.