ജോലിസ്ഥലത്ത് പ്രണയം, മക്ഡൊണാള്‍ഡ്‌സില്‍ വിവാഹം; ഡ്രൈവ്-ത്രൂവില്‍ സോസ് നല്‍കി വധു

By: 600002 On: Aug 14, 2026, 12:40 PM


 

പ്രസാദ് തീയാടിക്കല്‍

ഒഹായോ: പ്രണയത്തിന് വേദിയായ ജോലിസ്ഥലം തന്നെ വിവാഹവേദിയാക്കി അമേരിക്കയിലെ ഒഹായോ സ്വദേശികളായ ജാമി കാലിക്കോട്ടും ജോര്‍ജ് കാലിക്കോട്ടും. അക്രോണിലെ മക്ഡൊണാള്‍ഡ്‌സ് റസ്റ്റോറന്റില്‍ നടന്ന വ്യത്യസ്തമായ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇരുവരും ജോലി ചെയ്യുന്ന മക്ഡൊണാള്‍ഡ്‌സ് റസ്റ്റോറന്റിലാണ് വിവാഹച്ചടങ്ങ് നടന്നത്. ജില്ലാ മാനേജര്‍ തമാശയായി മുന്നോട്ടുവച്ച ആശയം പിന്നീട് യഥാര്‍ഥ വിവാഹപദ്ധതിയായി മാറുകയായിരുന്നു.

വിവാഹത്തിനായി റസ്റ്റോറന്റിന്റെ ഡൈനിംഗ് ഏരിയയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയെങ്കിലും ഡ്രൈവ്-ത്രൂ സേവനം പതിവുപോലെ തുടര്‍ന്നു. വിവാഹവസ്ത്രത്തില്‍ തന്നെ ഒരു ഉപഭോക്താവിന് അധിക സോസ് നല്‍കുന്ന വധു ജാമിയുടെ ദൃശ്യങ്ങളും ഏറെ ശ്രദ്ധ നേടി.

മക്ഡൊണാള്‍ഡ്‌സ് തീമിലായിരുന്നു വിവാഹത്തിലെ പല കൗതുകങ്ങളും. ഹാപ്പി മീല്‍ ബോക്‌സില്‍ പൂവിതളുകളുമായി ഫ്‌ലവര്‍ ഗേള്‍ എത്തിയതും ചടങ്ങിന് വേറിട്ട ഭംഗി നല്‍കി. റസ്റ്റോറന്റിന്റെ ജനറല്‍ മാനേജറുടെ ഭര്‍ത്താവാണ് വിവാഹച്ചടങ്ങിന് നേതൃത്വം നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലളിതവും വ്യത്യസ്തവുമായ ഈ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്.