ഫോമാ സതേണ്‍ റീജിയന് കരുത്തുറ്റ യുവ നേതൃത്വം; റീജിയണല്‍ വൈസ് പ്രസിഡന്റായി മിഖായേല്‍ ജോയിക്ക് ഉജ്ജ്വല വിജയം

By: 600002 On: Aug 14, 2026, 12:33 PM



 

ഹൂസ്റ്റണ്‍: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (എഛങഅഅ) സതേണ്‍ റീജിയണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് (ഞഢജ) സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മിഖായേല്‍ ജോയ് (മിക്കി) മിന്നും വിജയം നേടി.

വാശിയേറിയ മത്സരത്തിനൊടുവില്‍ 65 ശതമാനം വോട്ടുകള്‍ നേടിയാണ് മിഖായേല്‍ ജോയ് വിജയം കരസ്ഥമാക്കിയത്. സതേണ്‍ റീജിയണിലെ അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും ശക്തമായ പിന്തുണയും വിശ്വാസവുമാണ് ഈ വിജയത്തിന് അടിത്തറയായത്.

വിജയത്തിന് പിന്നാലെ പ്രതികരിച്ച മിഖായേല്‍ ജോയ്, തനിക്ക് വോട്ട് ചെയ്ത എല്ലാ അംഗങ്ങള്‍ക്കും പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. സതേണ്‍ റീജിയണിലെ എല്ലാ അംഗങ്ങളെയും ഒരുമിച്ച് അണിനിരത്തി, സംഘടനയുടെ വളര്‍ച്ചയ്ക്കും അംഗങ്ങളുടെ ക്ഷേമത്തിനുമായി സുതാര്യവും സജീവവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹൂസ്റ്റണിലെ യുവനിരയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളായ തോമസ് ജോര്‍ജ് (സഞ്ജു), ക്രിസ്റ്റഫര്‍ ജോര്‍ജ് എന്നിവര്‍ ഫോമാ നാഷണല്‍ കമ്മിറ്റി അംഗങ്ങളായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് സംഘടനാ പ്രവര്‍ത്തകരും വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആശംസകള്‍ നേര്‍ന്നു. പുതിയ നേതൃത്വത്തിന് കീഴില്‍ ഫോമാ സതേണ്‍ റീജിയണ്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുമെന്നും, അംഗങ്ങളുടെ ഐക്യത്തിനും സംഘടനയുടെ പുരോഗതിക്കും പുതിയ നേതൃത്വം കൂടുതല്‍ ഊര്‍ജം പകരുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

യുവതലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂടുതല്‍ സജീവമായി കൊണ്ടുവരുന്നതിനും അവരുടെ കഴിവുകളും നേതൃത്വശേഷിയും പ്രയോജനപ്പെടുത്തുന്നതിനുമായി നിരവധി കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു.