വർക്ക് പെർമിറ്റ് നിഷേധത്തിനെതിരായ പ്രതിഷേധം: കാനഡയിൽ 12 വിദേശ വിദ്യാർത്ഥികൾക്കെതിരെ ഇമിഗ്രേഷൻ നടപടി

By: 600110 On: Aug 14, 2026, 11:27 AM

 

കാൽഗറിയിൽ പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ്  നിരസിച്ചതിനെ തുടർന്ന് സമരം ചെയ്ത 12 വിദേശ വിദ്യാർത്ഥികൾ ഇമിഗ്രേഷൻ നിയമപ്രകാരം കാനഡയിൽ തുടരാൻ അയോഗ്യരാണെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി  അറിയിച്ചു. വടക്കുകിഴക്കൻ കാൽഗറിയിലെ സാഡിൽടൗൺ സർക്കിളിൽ ആഴ്ചകളായി നടന്നുവന്ന പ്രതിഷേധത്തിനിടയിൽ കാൽഗറി സിറ്റി പൊലീസിൻ്റെ ആവശ്യപ്രകാരമാണ് ഉദ്യോഗസ്ഥർ വിസ രേഖകൾ പരിശോധിച്ചത്. സ്ഥലത്തുണ്ടായിരുന്ന 20 വിദ്യാർത്ഥികളുടെ രേഖകൾ പരിശോധിച്ചതിൽ 12 പേർ 'ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി പ്രൊട്ടക്ഷൻ ആക്ട്' ലംഘിച്ചതായി കണ്ടെത്തുകയും, തുടർനടപടികൾക്കായി സി.ബി.എസ്.എ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിക്കുകയുമായിരുന്നു.

ആൽബർട്ടയിലെ പോർട്ടേജ് കോളേജിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് വർക്ക് പെർമിറ്റിനായി രംഗത്തിറങ്ങിയിരുന്നത്. പുതിയ ഇമിഗ്രേഷൻ നയമാറ്റങ്ങൾക്ക് മുൻപ് പ്രവേശനം നേടിയ തങ്ങൾക്ക് വർക്ക് പെർമിറ്റിന് അർഹതയുണ്ടെന്നായിരുന്നു വിദ്യാർത്ഥികളുടെ വാദം. എന്നാൽ  പൊതുവഴി തടസ്സപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് നടത്തിയ തിരിച്ചറിയൽ പരിശോധനയിലാണ് ഇമിഗ്രേഷൻ ലംഘനം പുറത്തുവന്നത്. തുടർന്ന് കൽഗറി പൊലീസ് വിഷയം സി.ബി.എസ്.എയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർ പരസ്യമായി പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് പ്രമുഖ ഇമിഗ്രേഷൻ അഭിഭാഷകൻ ജതിൻ ഷോറി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് രാജ്യത്തുനിന്ന് പുറത്തുപോകാൻ നിർദ്ദേശിക്കുന്ന 'എക്സ്ക്ലൂഷൻ ഓർഡർ' ലഭിക്കാൻ സാധ്യതയേറെയാണ്. ഇത്തരം ഉത്തരവ് ലഭിക്കുന്നവർക്ക് കാനഡ ഉടനടി വിടേണ്ടിവരുമെന്നു മാത്രമല്ല, അടുത്ത ഒരു വർഷത്തേക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്നതിന് വിലക്കും നേരിടേണ്ടിവരും. നിയമപരമായ വശങ്ങൾ കർശനമാക്കിക്കൊണ്ട് കുടിയേറ്റ നയങ്ങളിൽ പ്രവിശ്യാ ഭരണകൂടം വരുത്തുന്ന മാറ്റത്തിൻ്റെ വ്യക്തമായ സൂചനയായാണ് ഈ നടപടിയെ വിദഗ്ധർ വിലയിരുത്തുന്നത്