ഡാറ്റാ സെൻ്ററുകളെക്കുറിച്ചുള്ള ആശങ്കകൾ തെറ്റിദ്ധാരണാജനകം: പുതിയ എഐ നയരേഖ പുറത്തുവിട്ട് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

By: 600110 On: Aug 14, 2026, 11:22 AM

 

ഒൻ്റാരിയോയിൽ ഡാറ്റാ സെൻ്ററുകൾ സ്ഥാപിക്കുന്നതിനുള്ള കൃത്യമായ നിബന്ധനകളും മാർഗ്ഗനിർദ്ദേശങ്ങളും അടങ്ങിയ പുതിയ ഡാറ്റാ സെൻ്റർ പ്ലേബുക്ക് ഒൻ്റാരിയോ പുറത്തിറക്കി. പരിസ്ഥിതി പ്രശ്നങ്ങൾ, ഭൂവിനിയോഗം, ശബ്ദ മലിനീകരണം എന്നിവ മുൻനിർത്തി പ്രവിശ്യയിലെ വിവിധ മുൻസിപ്പാലിറ്റികൾ ഡാറ്റാ സെൻ്റർ നിർമ്മാണങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് സർക്കാരിൻ്റെ ഈ നീക്കം. ഡാറ്റാ സെൻ്ററുകളുടെ ദോഷഫലങ്ങളെക്കുറിച്ച് ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന്  ഡഗ് ഫോർഡ് പറഞ്ഞു. സമൂഹത്തിൻ്റെ ആവശ്യങ്ങൾക്കായി ഇൻ്റർനെറ്റും സാങ്കേതികവിദ്യയും പൂർണ്ണമായി ഉപയോഗിക്കുമ്പോൾ, അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളെ സ്വന്തം പ്രദേശത്ത് എതിർക്കുന്നത് യുക്തിസഹമല്ലെന്നും ജനങ്ങൾ ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിൻ്റെ ഡിജിറ്റൽ പരമാധികാരം സംരക്ഷിക്കാൻ പ്രാദേശികമായി ഡാറ്റാ സെൻ്ററുകൾ അനിവാര്യമാണെന്നാണ് ഫോർഡിൻ്റെ വാദം. സ്വന്തമായി ഡാറ്റാ സെൻ്ററുകൾ നിർമ്മിച്ച് വിവരങ്ങൾ സംരക്ഷിക്കുക, അല്ലെങ്കിൽ യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങൾക്ക് കീഴടങ്ങുക എന്നീ രണ്ട് വഴികളേ മുന്നിലുള്ളൂ എന്ന് ഫോർഡ് അഭിപ്രായപ്പെട്ടു. എന്നാൽ കാനഡയിൽ ഡാറ്റാ സെൻ്ററുകൾ സ്ഥാപിച്ചതുകൊണ്ട് മാത്രം വിവര സുരക്ഷ ഉറപ്പാകില്ലെന്ന് ടൊറൻ്റോ സർവകലാശാലയിലെ ഇൻഫർമേഷൻ ഫാക്കൽറ്റി അസോസിയേറ്റ് പ്രൊഫസറായ ഇവാൻ്റ ലൈറ്റ് ചൂണ്ടിക്കാണിക്കുന്നു. ഇൻ്റർനെറ്റ് അടിസ്ഥാനസൗകര്യങ്ങൾ പലതും അമേരിക്കയിലൂടെ കടന്നുപോകുന്നതിനാൽ ഡാറ്റാ കൈമാറ്റം അവിടെയും നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ ഉടമസ്ഥതയിലുള്ള കമ്പനികളുടെ കീഴിലുള്ള ഡാറ്റാ സെൻ്ററുകളിലെ വിവരങ്ങൾ 'പാട്രിയറ്റ് ആക്ട്' പ്രകാരം അവിടെയുള്ള അധികാരികൾക്ക് പരിശോധിക്കാനാകുമെന്നും പ്രതിപക്ഷ സാങ്കേതിക വിഭാഗം ക്രിട്ടിക് ക്രിസ് ഗ്ലോവർ മുന്നറിയിപ്പ് നൽകി.

പ്രവിശ്യയിലേക്ക് മുൻനിര പദ്ധതികളെ മാത്രം ആകർഷിക്കാനാണ് പുതിയ നയരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും, ഇതിനായി കമ്പനികൾക്ക് പ്രത്യേക സാമ്പത്തിക ഇളവുകളോ സൗജന്യങ്ങളോ നൽകില്ലെന്നും ഡഗ് ഫോർഡ് വ്യക്തമാക്കി. കർശനമായ പരിശോധനകൾക്ക് ശേഷമായിരിക്കും അനുമതി നൽകുകയെന്നും പ്രാദേശിക സമൂഹത്തിന് എന്തൊക്കെ നേട്ടങ്ങളാണ് പദ്ധതി നൽകുന്നത് എന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സാധാരണ വൻകിട വികസന പദ്ധതികൾ നൽകുന്നതുപോലെയുള്ള ദീർഘകാല തൊഴിലവസരങ്ങൾ ഡാറ്റാ സെൻ്ററുകൾ വഴി ലഭ്യമാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിർമ്മാണ ഘട്ടത്തിൽ കൂടുതൽ തൊഴിലാളികൾ ആവശ്യമായി വരുമെങ്കിലും, പ്രവർത്തനക്ഷമമാകുന്നതോടെ കമ്പ്യൂട്ടറുകൾ സ്വയം പ്രവർത്തിക്കുന്നതിനാൽ വിരലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഇത്തരം കേന്ദ്രങ്ങൾ നിയന്ത്രിക്കാൻ ആവശ്യമായി വരുന്നത്.