കാനഡയിലെ എല്ലാ പ്ലാസ്മ ശേഖരണ കേന്ദ്രങ്ങളുടെയും പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചതായി മുൻനിര ബയോ-ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്രിഫോൾസ് അറിയിച്ചു. പ്ലാസ്മ ദാനം ചെയ്ത രണ്ടുപേർ മരണപ്പെട്ട സംഭവത്തിൽ പൊതുജന വിമർശനങ്ങൾ ശക്തമാകുകയും, ഫെഡറൽ ആരോഗ്യ മന്ത്രാലയമായ 'ഹെൽത്ത് കാനഡ'യുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നടപടി. അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ക്ലിനിക്കുകളുടെ പ്രവർത്തനം സ്വമേധയാ നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും, വിഷയം ഹെൽത്ത് കാനഡയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും ഗ്രിഫോൾസ് വ്യക്തമാക്കി.
വിന്നിപെഗിലെ ഗ്രിഫോൾസ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് ഹെൽത്ത് കാനഡ കമ്പനിക്ക് 'നോൺ-കംപ്ലയൻസ്' നോട്ടീസ് അയച്ചു. നിർണായക ഉപകരണങ്ങളുടെ കൃത്യത പരിശോധിക്കൽ, അറ്റകുറ്റപ്പണികൾ, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിലും ജീവനക്കാരുടെ യോഗ്യതയും പ്രാവീണ്യവും വിലയിരുത്തുന്നതിലും കമ്പനി വീഴ്ച വരുത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2022 മുതൽ ന്യൂ ബ്രൺസ്വിക്, സസ്കാച്ചെവൻ, അൽബെർട്ട, ഒന്റാരിയോ, മാനിറ്റോബ എന്നീ പ്രവിശ്യകളിലെ കേന്ദ്രങ്ങൾക്ക് ആറ് തവണയാണ് അധികൃതർ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വിന്നിപെഗിൽ മരിച്ച ദാതാക്കളിൽ ഒരാളുടെ മരണകാരണം പ്ലാസ്മ ദാനത്തെത്തുടർന്നുണ്ടായ ശാരീരിക സമ്മർദ്ദമാണെന്ന് ബന്ധുക്കൾ ആരോപിച്ചെങ്കിലും, മരണങ്ങളും പ്ലാസ്മ ദാന പ്രക്രിയയും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നാണ് ഹെൽത്ത് കാനഡയുടെ നിലപാട്.
സ്വകാര്യ ക്ലിനിക്കുകൾ അടച്ചുപൂട്ടിയ നടപടി കാനഡയിലെ രക്തലഭ്യതയെയോ സുരക്ഷയെയോ ഒരുരീതിയിലും ബാധിക്കില്ലെന്ന് ഹെൽത്ത് കാനഡ ഉറപ്പുനൽകി. ചൂണ്ടിക്കാണിക്കപ്പെട്ട വീഴ്ചകൾ കമ്പനി പരിഹരിച്ചതിനു ശേഷം മാത്രമേ ക്ലിനിക്കുകൾ വീണ്ടും തുറക്കാൻ അനുമതി നൽകൂ എന്ന് ഫെഡറൽ ഏജൻസി വ്യക്തമാക്കി. ദാതാക്കളുടെ സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട ഗ്രിഫോൾസ്, തങ്ങൾ അന്വേഷണത്തോടും റെഗുലേറ്ററി മാനദണ്ഡങ്ങളോടും പൂർണ്ണമായി സഹകരിക്കുമെന്ന് അറിയിച്ചു. അതേസമയം, പണം നൽകിയുള്ള പ്ലാസ്മ ശേഖരണം രാജ്യത്ത് പൂർണ്ണമായി നിരോധിക്കണമെന്ന ആവശ്യവുമായി ആരോഗ്യരംഗത്തെ സാമൂഹിക പ്രവർത്തകർ പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്.