ടൊറൻ്റോയ്ക്ക് സമീപമുള്ള യോർക്ക് റീജിയണിലെ എടിഎമ്മുകളിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ട് റൊമാനിയൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. എടിഎം മെഷീനുകളിലെ പണം പുറത്തുവരുന്ന ഭാഗത്ത് ഡബിൾ സൈഡഡ് ടേപ്പുകൾ ഒട്ടിച്ചാണ് ഇവർ പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. ജൂൺ 17 നും ജൂലൈ 27 നും ഇടയിൽ വിവിധ ബാങ്കുകളിൽ നിന്നായി ഇത്തരത്തിലുള്ള 14 തട്ടിപ്പ് പരാതികൾ ലഭിച്ചതിനെ തുടർന്ന് യോർക്ക് റീജിയണൽ പൊലീസിൻ്റെ ഫിനാൻഷ്യൽ ക്രൈംസ് യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
എടിഎമ്മിൻ്റെ പണം പുറത്തുവരുന്ന സ്ലോട്ടിൽ പ്രതികൾ മുൻകൂട്ടി ഡബിൾ സൈഡ് ടേപ്പുകൾ ഒട്ടിച്ചുവെക്കും. ഇടപാടുകാർ പണം പിൻവലിക്കുമ്പോൾ, ടേപ്പിൽ തട്ടി പണം ഭാഗികമായോ പൂർണ്ണമായോ പുറത്തുവരാതെ മെഷീനുള്ളിൽ കുടുങ്ങിപ്പോകും. പണം ലഭിക്കാതെ ഉപഭോക്താക്കൾ മടങ്ങുമ്പോൾ, പ്രതികൾ എടിഎമ്മിലെത്തി കുടുങ്ങിക്കിടക്കുന്ന പണം എടുത്ത് കടന്നുകളയുകയാണ് ചെയ്തിരുന്നത്.
ഓഗസ്റ്റ് ആറിനാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. റസ്‌വാൻ സെനിക്ക (41), വാസിലെ സ്‌റ്റോയൻ (52) എന്നിവരാണ് പിടിയിലായത്. ഇരുവർക്കുമെതി 5,000 ഡോളറിന് താഴെയുള്ള മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് വൻതോതിൽ ഡബിൾ സൈഡ് ടേപ്പുകളും തട്ടിപ്പിനായി നിർമ്മിച്ച ലോഹക്കഷണങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രതികൾ തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിൽ വ്യാപകമായി യാത്ര ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടാകാമെന്നാണ് പൊലീസിൻ്റെ സംശയം.
എടിഎമ്മുകളിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ സംശയാസ്പദമായ സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബാങ്കിനെയോ പൊലീസിനെയോ വിവരമറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.