പൊലീസിലും കള്ളന്മാർ : കാൽഗറിയിലെ ഹോം ഡിപ്പോയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതിന് കുറ്റസമ്മതം നടത്തി പൊലീസ് ഉദ്യോഗസ്ഥൻ

By: 600110 On: Aug 14, 2026, 10:45 AM

കാൽഗറിയിലുള്ള ഹോം ഡിപ്പോ സ്റ്റോറുകളിൽ നിന്ന് 21,000 ഡോളറിലധികം വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ കുറ്റസമ്മതം നടത്തി. കാൽഗറി പൊലീസ് സേനയിൽ 20 വർഷത്തെ പ്രവൃത്തിപരിചയമുള്ള കോൺസ്റ്റബിൾ ബ്രാഡ്ലി ടെപ്പർ  ആണ് കോടതിയിൽ കുറ്റം സമ്മതിച്ചത്.

2024 ജൂലായ്ക്കും 2025 ഓഗസ്റ്റിനും ഇടയിൽ അഞ്ച് വ്യത്യസ്ത സ്റ്റോറുകളിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. റീട്ടെയിൽ രംഗത്ത് "ഡബിൾ വാക്ക്-ഔട്ട് തെഫ്റ്റ്"  എന്നറിയപ്പെടുന്ന തന്ത്രമാണ് ഇയാൾ ഇതിനായി ഉപയോഗിച്ചത്. ആദ്യം ഇയാൾ പണം നൽകി ഒരു സാധനം നിയമപരമായി വാങ്ങുകയും അത് കാറിൽ കൊണ്ടുപോയി വെക്കുകയും ചെയ്യും. തുടർന്ന് മിനിറ്റുകൾക്കകം തിരികെ സ്റ്റോറിൽ വന്ന് അതുപോലെയുള്ള മറ്റൊരു സാധനം എടുത്തുകൊണ്ട് പുറത്തേക്ക് പോകും. ആരെങ്കിലും തടഞ്ഞാൽ, ആദ്യം വാങ്ങിയ സാധനത്തിന്റെ ബിൽ കാണിച്ച് രക്ഷപ്പെടും. പണം കൊടുത്ത് വാങ്ങിയ സാധനം പിന്നീട് മറ്റൊരു സ്റ്റോറിൽ തിരികെ നൽകി പണം വാങ്ങുകയും, രണ്ടാമത് മോഷ്ടിച്ച സാധനം സ്വന്തമാക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.

ഹാർഡ്‌വെയർ സ്റ്റോറുകളിൽ നടന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് 2025 ഓഗസ്റ്റിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബ്രാഡ്ലി ടെപ്പറെ ശമ്പളമില്ലാതെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കാൽഗറി പോലീസ് അറിയിച്ചു. ഇയാൾക്കുള്ള ശിക്ഷ ഈ വർഷം അവസാനത്തോടെ കോടതി വിധിക്കും.