ലോകശ്രദ്ധ നേടി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍; 2026 ഡിറാക് മെഡല്‍ ദീപക് ധാര്‍

By: 600002 On: Aug 14, 2026, 8:16 AM



 

പ്രസാദ് തീയാടിക്കല്‍

ന്യൂഡെല്‍ഹി: ലോക ഭൗതികശാസ്ത്ര രംഗത്തെ ഏറ്റവും അഭിമാനകരമായ പുരസ്‌കാരങ്ങളിലൊന്നായ 2026-ലെ ഡിറാക് മെഡല്‍ (Dirac Medal) ഇന്ത്യന്‍ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. ദീപക് ധറിന് ലഭിച്ചു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സ് (ICTP) ആണ് ഈ ബഹുമതി പ്രഖ്യാപിച്ചത്.

സ്റ്റാറ്റിസ്റ്റിക്കല്‍ മെക്കാനിക്‌സ്, സങ്കീര്‍ണ്ണ വ്യവസ്ഥകള്‍ (Complex Systems) എന്നിവയിലെ അടിസ്ഥാനപരവും ലോകശ്രദ്ധ നേടിയതുമായ ഗവേഷണ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം. ഈ വര്‍ഷത്തെ ഡിറാക് മെഡല്‍ ബെര്‍ണാര്‍ഡ് ഡെറിഡ, മാര്‍ക് മെസാര്‍ഡ്, ഹൈം സോംപോളിന്‍സ്‌കി എന്നിവര്‍ക്കൊപ്പമാണ് ദീപക് ധര്‍ പങ്കിടുന്നത്.

നിലവില്‍ ബെംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസില്‍ (ICTS-TIFR) INSA Distinguished Professor ആയി സേവനമനുഷ്ഠിക്കുന്ന ദീപക് ധര്‍, സ്വയംസംഘടിത നിര്‍ണായകത (Self-Organized Criticality) വിശദീകരിക്കുന്ന അബേലിയന്‍ സാന്‍ഡ്പൈല്‍ മോഡല്‍ രൂപകല്‍പ്പന ചെയ്തതിലൂടെ ലോകശ്രദ്ധ നേടിയ ശാസ്ത്രജ്ഞനാണ്. ഭൂകമ്പങ്ങള്‍, ഗതാഗതക്കുരുക്ക്, സാമ്പത്തിക വ്യവസ്ഥകള്‍ തുടങ്ങിയ സങ്കീര്‍ണ്ണ പ്രതിഭാസങ്ങളെ മനസ്സിലാക്കുന്നതില്‍ അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ നിര്‍ണായക സംഭാവനകളാണ് നല്‍കിയിരിക്കുന്നത്.

2022-ല്‍ ബോള്‍ട്‌സ്മാന്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനെന്ന നേട്ടവും ദീപക് ധറിനുണ്ട്. ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് 2023-ല്‍ ഇന്ത്യ സര്‍ക്കാര്‍ അദ്ദേഹത്തെ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ഇന്ത്യന്‍ ശാസ്ത്രലോകത്തിന് അഭിമാനമേകുന്ന ഈ നേട്ടം, അന്താരാഷ്ട്ര ഗവേഷണരംഗത്ത് രാജ്യത്തിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതാണെന്ന് ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിദഗ്ധരും വിലയിരുത്തുന്നു.